കിടങ്ങൂർ: മീനച്ചിലാറിന്റെ തീരത്ത് കിടങ്ങൂരിൽ ചെക്ക്ഡാമിനു സമീപം പുറമ്പോക്ക് ആറ്റുമാലിയിൽനിന്ന് 300 ലോഡോളം മണ്ണ് കടത്തിക്കൊണ്ടുപോയതായി നാട്ടുകാരുടെ പരാതി. 60 മീറ്റർ നീളത്തിൽ ആറ്റുതീരത്തുണ്ടായിരുന്ന ഇല്ലിക്കാട് തകർത്ത് തീയിട്ടതായും പറയുന്നു. ഫെബ്രുവരി 23ന് തീരം ഇടിക്കാൻതുടങ്ങിയപ്പോൾതന്നെ കിടങ്ങൂർ വില്ലേജ് ഓഫീസർ സ്‌റ്റോപ് മെമ്മോ നൽകിയതായി നാട്ടുകാർ പറഞ്ഞു. 26ന് മീനച്ചിൽ ഭൂരേഖാ തഹസിൽദാറുടെ കത്തനുസരിച്ച് സ്‌റ്റോപ് മെമ്മോ പിൻവലിച്ചു. 60 മീറ്ററോളം നീളത്തിലും അഞ്ച് മീറ്റർ വീതിയിലും ആഴത്തിലും തീരവും പുറമ്പോക്കും കുഴിച്ച് മണ്ണ് കടത്തിയെന്നും നാട്ടുകാർ പറയുന്നു. മണ്ണ് നീക്കംചെയ്ത ഭാഗത്ത് മീനച്ചിലാറിന് തീരമില്ല. തീരത്തുകൂടി വാഹനങ്ങൾക്ക് പോകാനുളള വീതിയിൽ ആറ്റുമാലി ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പുഴയ്ക്ക് തീരമേ ഇല്ലാത്ത അവസ്ഥ എത്തിയിരിക്കുന്നത്. സർവേ 19ൽപെട്ട മീനച്ചിലാറിന്റെ തീരത്തുനിന്നാണ് 300 ലോഡ് മണ്ണ് കടത്തിയത്. സർവ്വേ 19ൽപെട്ട മീനച്ചിലാറിന് 3 ഹെക്ടർ 4550 സ്‌ക്വയർമീറ്റർ വിസ്തീർണ്ണമുണ്ട്. മീനച്ചിലാറിന്റെ സ്ഥലം വ്യക്തിയുടേതായി അളന്നുകൊടുത്ത ഭൂരേഖാ തഹസീൽദാർ പുഴയ്‌ക്കെതിരെ കുറ്റകൃത്യം ചെയ്തിരിക്കയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇല്ലിയും മുളയും ഈറ്റയുമൊക്കെ തീരങ്ങളിൽ വച്ചുപിടിപ്പിക്കാൻ സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴാണ് തീരം നശിപ്പിച്ചത്. കടത്തിക്കൊണ്ടുപോയ മണ്ണിന് 15 ലക്ഷത്തോളം രൂപ വില വരുമെന്ന് പറയപ്പെടുന്നു. കിടങ്ങൂർ പഞ്ചായത്തിലും തഹസിൽദാർ, ജില്ലാ കളക്ടർ എന്നിവർക്കും നാട്ടുകാർ വിശദമായ പരാതി നൽകിയിട്ടുണ്ട്. തീരം പൂർണ്ണമായി കൈവശപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.