പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ശേഷിക്കുന്ന 83 കിലോമീറ്റർ നിർമ്മാണം വൈകാൻ സാദ്ധ്യത. 2002ൽ തുടക്കമിട്ട പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ പണി പാതിവഴിയിലെങ്കിലുമെത്തിയത് രണ്ടുവർഷം മുൻപാണ്. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള ഭാഗമാണ് ഇനി തീരാനുള്ളത്. 83 കിലോമീറ്റർ വരുന്ന ഈ റോഡിന്റെ നിർമാണം ജനുവരിയിൽ തുടങ്ങുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ നിലവിലെ സ്ഥിതിയിൽ റോഡ് നിർമ്മാണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂ. കരാറുകാരുമായി സമ്മതപത്രം എഴുതാൻ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടി വരും. കെ.എസ്.ടി.പി.യും സർക്കാരും കൃത്യമായ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ടെൻഡർ പരിശോധനാ തീയതി നീട്ടാൻ ലോകബാങ്ക് നിർദേശിച്ചിരുന്നു. ഇതെല്ലാം കാലതാമസത്തിനിടയാക്കി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണിതുടങ്ങണമെങ്കിൽ ജൂൺ മാസമെങ്കിലുമാകും. എന്നാൽ കാലവർഷവും ഈ സമയത്തായതിനാൽ നിർമ്മാണം പിന്നെയും നീളാനാണ് സാദ്ധ്യത. പണി പൂർത്തീകരണത്തിനുള്ള സമയം 2021 ഏപ്രിൽ വരെ സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്.