vijayan

കോട്ടയം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നു പുറത്തിറങ്ങി വരുമ്പോൾ പതിവ് ഗൗരവമായിരുന്നില്ല, മറിച്ച് പു‌ഞ്ചിരിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത്. കോട്ടയം മണ്ഡലത്തിൽ എല്ലാം ഭദ്രമാണെന്ന വിശ്വാസമായിരുന്നു ആ പുഞ്ചിരിക്കു പിന്നിൽ. കോട്ടയത്ത് നേതൃയോഗത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി എത്തിയത്. ഇടതു മുന്നണി സ്ഥാനാർത്ഥി വി.എൻ വാസവനും, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വനും, ആക്‌ടിംഗ് ജില്ലാ സെക്രട്ടറി എ.വി റസലും, കെ.സുരേഷ് കുറുപ്പ് എം.എൽ.എയും, എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക് സി.തോമസും ഒപ്പമുണ്ടായിരുന്നു. നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഓരോ ഏരിയയിൽ നിന്നുമുള്ള പ്രവർത്തന റിപ്പോ‌ർട്ട് യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രി ഇവ വിലയിരുത്തി. മൊബൈൽ ആപ്ലിക്കേഷൻ വഴിയും, പ്രത്യേക സോഫ്റ്റ് വെയർ വഴിയും വോട്ടർമാരുടെ വിവരങ്ങൾ പ്രവർത്തകർ ശേഖരിച്ചിരുന്നു. കുടുംബസംഗമം, ഭവനസന്ദർശനം, വിദ്യാർത്ഥി-യുവജന സ്‌ക്വാഡ് എന്നിവ സജീവമാക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം രാത്രിയിൽ ജില്ലയിൽ എത്തിയ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു തങ്ങിയത്. യോഗത്തിനുശേഷം ഉച്ചയോടെ അദ്ദേഹം ആലപ്പുഴയ്ക്ക് പോയി.