കോട്ടയം: നഗരസഭ പെർമിറ്റ് നൽകാത്തതിനാൽ കോടിമതയിലെ ജില്ലാ മൃഗാശുപത്രിയുടെ ഉദ്ഘാടനം വൈകുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇനി രണ്ടു മാസത്തിനു ശേഷം മാത്രമേ പുതിയ കെട്ടിടത്തിലേയ്‌ക്ക് മൃഗാശുപത്രി പ്രവർത്തനം മാറ്റാൻ സാധിക്കൂ. സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മൃഗാശുപത്രി ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതി. ഉദ്ഘാടനം ചെയ്യേണ്ട പദ്ധതികളുടെ പട്ടികയിൽ മൃഗാശുപത്രിയും പെട്ടിരുന്നു. എന്നാൽ, നഗരസഭ ബില്ലിംഗ് പെർമിറ്റ് നൽകാതെ വന്നതോടെ ഉദ്ഘാടനം നീളുകയായിരുന്നു. ഇതിനാൽ സ്‌കാനിംഗ് മെഷീൻ, ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള മെഷീനുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടില്ല.

4.5 കോടി രൂപ ചിലവിൽ 2014 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മോഡൽ ആശുപത്രി പ്രവർത്തിക്കും. പരിശോധനാമുറി, ഡോക്ടർമാർക്കുള്ള മുറി, മൃഗങ്ങൾക്കുള്ള ഓപ്പറേഷൻ തിയേറ്റർ, ആധുനികരീതിയിലുള്ള പരിശോധനാ ലാബ്, ഐ.സി.യു. യൂണിറ്റ് എന്നിവ ഒന്നാം നിലയിലുണ്ടാകും. രണ്ടും മൂന്നും നിലകളിൽ ജില്ലാ ജന്തുനിവാരണ സെൽ, രാത്രി ഡ്യൂട്ടിയുള്ള ഡോക്ടറുടെ മുറി, എലിഫന്റ് സ്‌ക്വാഡ്, ജില്ലാ ലാബ്, ഫാർമേഴ്‌സ് ട്രെയിനിംങ് സെന്റർ, മൊബൈൽ വെറ്ററിനറി ആശുപത്രി എന്നിവയുടെ ഓഫീസുകൾ എന്നിവയ്‌ക്കായിരുന്നു പദ്ധതി.
നിലവിൽ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തില് സ്ഥലപരിമിതി രൂക്ഷമാണ്. ദിവസേന അഞ്ഞൂറിലധികം മൃഗങ്ങളെയാണ് ചികിത്സയ്ക്കായി ഇവിടെ എത്തിക്കുന്നത്. പുതിയ കെട്ടിടം തുറന്നാൽ മികച്ച സേവനം ലഭ്യമാക്കാൻ കഴിയുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.