കോട്ടയം : വേനൽ കടുത്തതോടെ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കോട്ടയം നഗരസഭയിലെ ചെന്പോടീൽ പ്രദേശത്ത് കുടിവെള്ളമില്ലാതെ വലയുന്നത് 20 കുടുംബങ്ങളാണ്. വേനൽക്കാലത്ത് വാട്ടർ അതോറിട്ടിയിൽ നിന്നും എത്തുന്ന വെള്ളമാണ് ഇവിടുത്തെ ജനങ്ങളുടെ ഏക ആശ്രയം.

ചെന്പോടീലെ ഒരു പ്രദേശത്ത് മാത്രമാണ് വാട്ടർ അതോറിട്ടിയിൽ നിന്നും കൃത്യമായി വെള്ളം എത്താതിരുന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുന്പ് അങ്ങോട്ടുള്ള വാൽവ് നന്നാക്കിയതോടെ കൃത്യമായി വെള്ളം കിട്ടിക്കൊണ്ടിരുന്ന പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം നിലച്ചെന്ന് പ്രദേശവാസികൾ പറയുന്നു. ഇതോടെ കുടിവെള്ളത്തിനായും മറ്ര് ദൈനംദിനാവശ്യങ്ങൾക്കായും വാട്ടർ അതോറിട്ടിയിൽ നിന്നുമെത്തുന്ന വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളാണ് ഏറെ ദുരിതത്തിലായത്. വാൽവ് നന്നാക്കിയതോടെ കുടിവ്ളെള്ളം ലഭ്യമല്ലാത്ത വിവരം വാട്ടർ അതോറിട്ടി അധികാരികളെ അറിയിച്ചിരുന്നെങ്കിലും എത്രയും പെട്ടെന്ന് ശരിയാക്കാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചത്. എന്നാൽ പ്രദേശവാസികൾ കുടിവെള്ലമില്ലാതെ വലഞ്ഞിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

വാട്ടർ അതോറിട്ടിയിൽ നിന്നുള്ള വെളളം നിലച്ചതോടെ നഗരസഭയിൽ നിന്നും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ടാങ്കർ ലോറികളിൽ എത്തുന്ന കുടിവെള്ളമാണ് ജനങ്ങളുടെ ഏക ആശ്വാസം.

ഇതുവരെ വെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകാത്തതിൽ പ്രതിക്ഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ വാട്ടർ അതോറിട്ടി ഒാഫീസിൽ ജനകീയസമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.