കൂടപ്പുലം: ' കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ ....' കൊടും ചൂടിലും കൂടപ്പുലം നിവാസികളുടെ പ്രാർത്ഥനയാണിപ്പോൾ.

കാറ്റ് ചെറുതായൊന്നു വീശിയാൽ, മഴയൊന്നു ചാറിയാൽ കൂടപ്പുലംകാർക്ക് അന്ന് കറന്റില്ല. രാമപുരം കെ.എസ്. ഇ.ബി. സെക്ഷനിൽ നിന്നും വൈദ്യുതിയെത്തുന്ന കൂടപ്പുലം സ്‌കൂൾ, ക്ഷേത്രം, പാറത്തോട് മേഖലകളിൽ വൈദ്യുതി തടസം പതിവായിരിക്കുകയാണ്. പകൽ പലപ്പോഴും നിലയ്ക്കുന്ന വൈദ്യുതി വിതരണം, രാത്രി കാലങ്ങളിലും തുടരുന്നതോടെ കൊടും ചൂടിൽ വലയുന്ന ഉപഭോക്താക്കൾ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി കൂടപ്പുലം മേഖലയിൽ തുടർച്ചയായി വൈദ്യുതി നിലയ്ക്കുകയാണ്. അഥവാ കറന്റുണ്ടെങ്കിൽത്തന്നെ വോൾട്ടേജ് ഉണ്ടാവാറുമില്ലെന്ന് ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു. തുടർച്ചയായുള്ള വൈദ്യുതി തടസം കുടിവെള്ള വിതരണ പദ്ധതിയുടെ പ്രവർത്തനവും, പാൽ സൊസൈറ്റിയുടെ പ്രവർത്തനവും അവതാളത്തിലാക്കിയിരിക്കുകയാണ്. ഈ മേഖലയിൽ നിരവധി എസ്.എസ്.എൽ.സി വിദ്യാർത്ഥികളുണ്ട്. ഇപ്പോൾ പരീക്ഷ നടക്കുന്ന സമയമായതിനാൽ വൈദ്യുതി തടസം അവർക്കും ദുരിതമാവുന്നു.

പല തവണ രാമപുരം കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചെങ്കിലും വൈദ്യുതി വിതരണത്തിൽ തുടരുന്ന തടസം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണാക്ഷേപം. രാമപുരം വൈദ്യുതി വകുപ്പ് ജീവനക്കാർ തകരാർ പരിഹരിക്കുന്നതിൽ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച് കൂടപ്പുലം നിവാസികൾ ,ഉപഭോക്താക്കളുടെ ഒപ്പുകൾ ശേഖരിച്ച് ഉന്നതാധികാരികൾക്ക് നിവേദനം നൽകാനുള്ള നീക്കത്തിലാണ്.