പാലാ: വെള്ളാപ്പാട്ട് ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധമായ ജീവത എഴുന്നള്ളത്ത് ഇന്ന് നടക്കും. ദേവി സിംഹാരൂഢയായി കുടികൊള്ളുന്ന ക്ഷേത്രസന്നിധിയിൽ ആനയ്ക്ക് പ്രവേശനമില്ലാത്തതിനാലാണ് പല്ലക്ക് മാതൃകയിലുള്ള 'ജീവത'യിൽ ദേവിയെയെ എഴുന്നള്ളിക്കുന്നത്. ദേവിയെഴുന്നള്ളുന്ന ജീവത, വ്രതശുദ്ധിയും പ്രത്യേക പരിശീലനവുമുള്ള നമ്പൂതിരിമാർ തോളിലേറ്റി വാദ്യമേളങ്ങൾക്കനുസരിച്ച് ആനന്ദ നൃത്തമാടുന്നതാണ് ജീവത എഴുന്നള്ളത്തിന്റെ പ്രത്യേക. മാവേലിക്കര മുളയ്ക്കൽ മഠത്തിൽ ജയപ്രകാശ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് എഴുന്നളനത്ത് നടക്കുന്നത്.

വൈകിട്ട് 4ന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ളാലം മഹാദേവ ക്ഷേത്രത്തിലെത്തി താലപ്പൊലി, തിറ, പൂതൻ തുള്ളൽ, ഗരുഡൻ തുള്ളൽ, കരകാട്ടം, പമ്പമേളം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ 6.30ന് ആഘോഷമായി തിരിച്ചെഴുന്നള്ളും. മുനിസിപ്പൽ ബസ് സ്റ്റാൻ‌ഡിനു സമീപം തൊഴിലാളി സംഘടനകളും ളാലത്തെ ഭക്തജനങ്ങളും ചേർന്ന് ഭക്തിനിർഭരമായ സ്വീകരണം നൽകും. വെള്ളാപ്പാട് ദേവീക്ഷേത്രസന്നിധിയിൽ തിരിച്ചെത്തുമ്പോൾ താലം കണ്ട് തൊഴീൽ, വിളക്കൻപൊലി ദീപാരാധന എന്നീ ചടങ്ങുകളും നടക്കും.

എഴുന്നള്ളത്തിനും താലപ്പൊലി എടുക്കുന്നതിനും എത്തുന്ന ഭക്തജനങ്ങൾക്ക് മടക്കയാത്രയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികളായ അജിത് പാറയ്ക്കൽ, അഡ്വ.എസ്.രാജേഷ് കുന്നുംപുറത്ത്, അനീഷ് മഠത്തിനാൽ, നിതിൻ കുഴിവേലിൽ, അരുൺ കുഴിവേലിൽ എന്നിവർ അറിയിച്ചു.