കോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ വഴി ലഭിക്കേണ്ട സ്കോളർഷിപ്പ് സർക്കാർ നിഷേധിച്ചത് വിവേചനപരവും അധാർമികവുമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. മാർച്ച് 31ന് മുൻപ് ഇത് നൽകാനുള്ള സത്വര നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നാക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് മുടങ്ങിയ കാര്യം കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.
''വർഷങ്ങളായി സ്കോളർഷിപ്പ് മുടങ്ങിയിരുന്നില്ല. ഈ സാമ്പത്തികവർഷം സംസ്ഥാനസർക്കാർ നിഷ്‌കരുണം അത് നിഷേധിച്ചു. 17 കോടി രൂപ ഇതിനായി ബഡ്ജറ്റിൽ വകകൊള്ളിച്ചിരുന്നതാണ്. എന്നാൽ, പ്രളയക്കെടുതി മൂലം അതിൽ 20 ശതമാനം വെട്ടിക്കുറച്ചുള്ള തുകയാണ് കൊടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. തുക കുറഞ്ഞതിനാൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കി അപേക്ഷ ക്ഷണിച്ച് പട്ടിക തയ്യാറാക്കിയ കോർപറേഷന്റെ നടപടി ന്യായീകരിക്കാവുന്നതല്ല. ഹയർസെക്കൻഡറി, ഡിഗ്രി പ്രൊഫഷണൽ, ഡിഗ്രി നോൺ പ്രൊഫഷണൽ, പി.ജി പ്രൊഫഷണൽ, പി.ജി നോൺ പ്രൊഫഷണൽ, ഐ.ഐ.ടി, സി.എ, ഡിപ്ലോമ എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചാണ് പട്ടിക നൽകിയിരിക്കുന്നത്. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിനു മുമ്പുതന്നെ അവർക്ക് നൽകേണ്ട തുകയാണ് സർക്കാർ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. തുക എത്രയും വേഗം നൽകണം''- അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.