കോട്ടയം : ഹരിതകേരളത്തിലൂടെ ചുവടുവച്ച് ജില്ലയുടെ നെല്ലറയായി മാറുകയാണ് കല്ലറ ഗ്രാമപഞ്ചായത്ത്. വർഷങ്ങളായി തരിശായി കിടന്ന 426 ഏക്കർ പാടശേഖരങ്ങളാണ് ഇത്തവണ കതിരണിഞ്ഞത്. കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിരുന്ന മാലിക്കരി , ചേനക്കാല പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കിയായിരുന്നു തുടക്കം. 65 ശതമാനത്തോളം രാസവള പ്രയോഗം കുറച്ചായിരുന്നു നെൽക്കൃഷി. മണ്ണിന്റെ സ്വഭാവം അറിഞ്ഞു കൃഷി ചെയ്യുന്നതിനായി പഞ്ചായത്ത് പരിധിയിലുള്ള പാടശേഖരങ്ങളിലെ മണ്ണ് പരിശോധിച്ച് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. കർഷകർക്ക് ജൈവകീടനാശിനി, ജൈവവളം എന്നിവ 50 ശതമാനം സബ്‌സിഡിയിൽ കൃഷിവകുപ്പ് വിതരണം ചെയ്തിരുന്നു. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച കൈത്തോടുകൾ വൃത്തിയാക്കിയാണ് നെൽക്കൃഷിയിലേക്കു കടന്നത്. പഞ്ചായത്തിലെ പ്രധാന ജലാശയങ്ങളിൽ ഒന്നായ പുത്തൻതോട് കൃഷിവകുപ്പും ഇറിഗേഷൻ വകുപ്പും ചേർന്ന് പത്തുലക്ഷം രൂപം ചെലവഴിച്ചാണ് വൃത്തിയാക്കിയത്. പ്രളയത്തിൽ തകർന്ന നിരവധി മടകളും വീണ്ടെടുത്തു. നൂറു ഹെക്ടറിൽ കൂടി കൃഷി ആരംഭിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്കും തുടക്കമിട്ടു.

ആകെ 78 പാടശേഖരങ്ങൾ

നെൽകൃഷി ആരംഭിച്ചത് : 58

 42 കിലോമീറ്ററോളം ബണ്ടുകളും പൂർത്തീകരിച്ചു

''ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തു ഏറ്റവും കൂടുതൽ തരിശുപാട കൃഷി നടത്തിയത് കല്ലറ പഞ്ചായത്തിലാണ്.
രണ്ടുവർഷത്തിനുള്ളിൽ കേരളത്തിലെ തരിശുരഹിത പഞ്ചായത്തായി കല്ലറ മാറും.

ജോസഫ് റെഫിൻ ജെഫ്‌റി , കൃഷി ഓഫീസർ