ചങ്ങനാശേരി: മേഖലയിൽ പനിബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരില്ല. രാവിലെ മുതൽ ഉച്ചവരെ ഒ.പികളിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ട്. എന്നാൽ ഉച്ചയ്ക്കുശേഷം വരുന്ന രോഗികളാണ് ദുരിതത്തിലാകുന്നത്. ഇവരെ അത്യാഹിതവിഭാഗത്തിലാണ് പരിശോധിക്കുന്നത്. ഒരു ഡോക്ടർ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടാവുക. ഉച്ചകഴിഞ്ഞും വൈകിട്ടും എത്തുന്ന എല്ലാ രോഗികളെയും ഈ ഡോക്ടറാണ് നോക്കേണ്ടി വരുന്നത്. ഇതിനിടെ അത്യാസന്ന നിലയിലും അപകടങ്ങളിൽപ്പെട്ടും എത്തുന്നവരെ നോക്കുവാനും ഇതേ ഡോക്ടർ തന്നെ പോകണം. പൊലീസ് എൻക്വയറിയുമായി ബന്ധപ്പെട്ട് എത്തുന്നവരെയും നോക്കേണ്ട ചുമതല ഈ ഡോക്ടർക്കാണ്. മിക്കദിവസങ്ങളിലും വൈകുന്നേരം അത്യാഹിതവിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. കൈനടി, ഈര, കാവാലം, ഇത്തിത്താനം, ചെത്തിപ്പുഴ, തൃക്കൊടിത്താനം, തോട്ടയ്ക്കാട്,ഫാത്തിമാപുരം, വാലടി തുടങ്ങി സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ദിനംപ്രതി ഇവിടെ ചികിത്സതേടി എത്തുന്നത്.
മരുന്നുകളും കുറവ്!
ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടെങ്കിലും ഫാർമസിയിൽ വേണ്ടത്ര മരുന്നുകൾ ലഭ്യമല്ല. ലാബും മുഴുവൻ സമയവും പ്രവർത്തിക്കുന്നില്ല. അതിനാൽ, മരുന്നുകൾ കൂടുതലും പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയാണ്. എക്‌സ്‌റേ മറ്റ് പരിശോധനകൾക്കായി സ്വകാര്യലാബുകളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. അല്ലെങ്കിൽ, ഫാർമസിയിൽനിന്ന് മരുന്നുവാങ്ങാൻമാത്രം പിറ്റേന്ന് വീണ്ടും വരേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മിക്കവരും പനി ബാധിച്ചതിനെത്തുടർന്ന് മരുന്ന് വാങ്ങാനെത്തുന്നവരാണ്. മിക്കവരും ജനറൽ ആശുപത്രിയിലെ നിരക്കിന്റെ എട്ടും ഒൻപതും ഇരട്ടിത്തുക സ്വകാര്യ ലാബുകളിൽ നൽകി മരുന്നു പരിശോധനയും നടത്തേണ്ടി വരുന്നു. ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനായതിനാൽ ആശുപത്രിഭരണത്തിൽ ദൈനംദിനം ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. ആശുപത്രി വികസനത്തിനായി സർക്കാരും ജില്ലാ പഞ്ചായത്തും കോടികളുടെ ഫണ്ട് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും രോഗികൾക്ക് അടിസ്ഥാനസേവനങ്ങൾപോലും ലഭ്യമാകാത്ത അവസ്ഥയാണുള്ളത്.