kumarakom

കോട്ടയം : കുമരകത്തെ തോടുകളിൽ പോള നിറഞ്ഞതോടെ ബോട്ട് സർവീസ് തടസപ്പെട്ടു. രണ്ടാഴ്‌ചയിലധികമായി കുമരകത്ത് കുരിശടി വരെ മാത്രമാണ് സർവീസ് ബോട്ടുകൾ എത്തുന്നത്. ബസ് സ്റ്റോപ്പിലെത്തണേൽ യാത്രക്കാർക്ക് പിന്നെയും ഒരു കിലോമീറ്ററോളം നടക്കണം. മുഹമ്മയിൽ നിന്നു കുമരകത്തേക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണുള്ളത്. ബോട്ട് സർവീസ് തടസപ്പെടുന്നത് മത്സ്യവില്പനയ്ക്കെത്തുന്നവരെയാണ് കൂടുതൽ ദുരിതത്തിലാക്കുന്നത്.

മീൻപിടിക്കാൻ ചെറുവള്ളങ്ങളുമായി പോകുന്നവർക്ക് വള്ളം തുഴഞ്ഞ് നീക്കാനാകുന്നില്ല. വലവീശാനും ബുദ്ധിമുട്ടാണ്. തോട്ടിൽ കെട്ടിക്കിടക്കുന്ന പോള ചീഞ്ഞ് വെള്ളവും മലിനമായി. നാട്ടുകാരുടെ പരാതിയെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പോള നീക്കം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

പോളവാരൽ യന്ത്രം വാങ്ങണം

തോട്ടിലെ പോളയ്‌ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കുമരകം പഞ്ചായത്ത് പോളവാരൽ യന്ത്രം വാങ്ങണമെന്ന് മുഹമ്മ - കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.