fish

പാലാ:കറിച്ചട്ടിയിലേക്കുള്ള യാത്രയ്‌ക്കിടെ ജീവിതത്തിലെത്തിയ പള്ളത്തിമീനിന് മായയും മക്കളും ചേർന്നൊരു പേരിട്ടു - ആയുസ്. കഴിഞ്ഞ ഡിസംബർ 12ന് രാവിലെ 10 മണിക്കാണ് 'ആയുസ്' കൂടപ്പുലം കർത്താനാ കുഴിയിൽ കുടുംബത്തിലേക്ക് 'കയറി വന്നത്; കൂടെപ്പിറപ്പുകളുടെ ജീവനറ്റ ദേഹങ്ങൾക്കൊപ്പം ഒരു തുള്ളി ജീവനുമായി! ഊണുമുറിയിലെ അര ബക്കറ്റ് വെള്ളത്തിൽ തുള്ളിക്കളിക്കുകയാണ് ഇപ്പോൾ 'ആയുസ്'.

വറചട്ടിയിൽനിന്നു ജീവിതത്തിലേക്കു നീന്തിയ 'ആയുസി' ന്റെ കഥ ഇങ്ങനെ:

കർത്താനാകുഴിയിൽ വീട്ടിലെ ഗൃഹനാഥൻ ഹരിദാസ് ഉഴവൂർ കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. എല്ലാ ആഴ്ചയും ഉഴവൂർ ചന്തയിൽ നിന്ന് കായൽമത്സ്യം വാങ്ങാറുണ്ട്. ഡിസംബർ 12നും ഒരു കിലോ കായൽമത്സ്യം വാങ്ങി. പ്ലാസ്റ്റിക്‌ കൂടിൽ പൊതിഞ്ഞ് രാവിലെ 10 മണിക്കാണ് വീട്ടിലെത്തിച്ചത്. ഭാര്യ മായ, ഉച്ചയൂണിന് വറുക്കാൻ മീൻ വെട്ടാനായി ചട്ടിയിലേക്ക് ഇട്ടത് 12 മണിയോടെ. വെള്ളമൊഴിച്ച് കഴുകവേ ഒരു സംശയം; ഒരു മീനിന് അനക്കമുണ്ടോ...? ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഒരു ചെറിയ മീൻ പിടയ്ക്കുന്നു. മായ പെട്ടെന്ന് അതിനെയെടുത്ത് ബക്കറ്റിലെ വെള്ളത്തിലേക്കിട്ടു. 10 മിനിട്ടിനുള്ളിൽ മീൻ നീന്തിത്തുടിച്ചു തുടങ്ങി. വൈകിട്ട് സ്‌കൂൾ വിട്ടുവന്ന മക്കൾ ഒൻപതാം ക്ലാസുകാരൻ ശിവരഞ്ജനും നാലാം ക്ലാസുകാരൻ ദേവരഞ്ജനും 'മരിച്ചു ജീവിച്ച ' മത്സ്യത്തെ കണ്ടപ്പോൾ അദ്ഭുതം. 'നമുക്കിതിനെ വളർത്താം അമ്മേ'. ആയുസ് നീട്ടിക്കിട്ടിയ മീനിന് അവർ പേരിട്ടു- ആയുസ്!

അടുക്കളയ്ക്കപ്പുറമുള്ള ഹാളിലാണിപ്പോൾ ആയുസിന്റെ താമസം. അതിനിടെ, പിന്നെയും വന്നൂ,​ വിധിയുടെ പരീക്ഷണം.
രണ്ടാഴ്ച മുമ്പ് എല്ലാവരും പുറത്തുപോയി വന്നപ്പോൾ ആയുസ് ബക്കറ്റിലില്ല! തൊട്ടടുത്ത മുറിയിൽ നോക്കുമ്പോൾ പിടഞ്ഞുചാടുകയാണ്. ഉടൻ പിടിച്ച് ബക്കറ്റിലിട്ടു. വാൽ ഭാഗം അല്പം മുറിഞ്ഞെങ്കിലും ആയുസിന്റെ ആയുസ് നീണ്ടു.

അദ്ഭുതമീനിനെ കാണാൻ കൂട്ടുകാർ

ബിസ്‌ക്കറ്റ് ‌പൊടിയാണ് ആയുസിന്റെ ഭക്ഷണം. മായയോ ഹരിദാസോ മക്കളോ അടുത്തെത്തി, ആയുസേ എന്ന് വിളിച്ചാൽ കുതിച്ചുയർന്നു വരും. മായ വെള്ളത്തിനു മേലെ കൈ കാണിച്ചാൽ കൈപ്പത്തിയിലേക്ക് ചാടിക്കയറും. അഞ്ചു മിനിട്ടോളം മായയുടെ കൈയിൽ 'അനങ്ങാതിരിക്കുന്ന ' ആയുസ് പൊടുന്നനേ വെള്ളത്തിലേക്ക് ഊളിയിടും.

പള്ളത്തിമീനിന്റെ കഥ കുട്ടികൾ സ്‌കൂളിൽ പാട്ടാക്കിയതോടെ 'അദ്ഭുത മീനിനെ ' കാണാൻ കൂട്ടുകാർ കർത്താനാകുഴിയിലേക്ക് കുതിക്കുകയാണ്. അയൽ വീട്ടുകാർക്കും അദ്ഭുതമാവുകയാണ് ആയുസ്!