election-candidates-diet

കോട്ടയം: തീറ്റക്കാര്യത്തിലെ നിർബന്ധബുദ്ധിയെല്ലാം തകിടംമറിയുന്നത് തിരഞ്ഞടുപ്പുകാലത്താണ്. പ്രചാരണത്തിന്റെ തിരക്കിനിടെ കൈയിൽ കിട്ടുന്നതുകൊണ്ട് സ്ഥാനാർത്ഥിക്ക് കാര്യം നടത്തിയേ പറ്റൂ. അനുഭവിക്കേണ്ടത് വയറാണ്. ആ റിസ്‌ക് ഏറ്റെടുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് പലരും വയറിന് ഡയറ്ര് പ്രഖ്യാപിച്ചു കഴിഞ്ഞു. സഹായത്തിന് ഡയറ്റിഷ്യന്മാരുണ്ട്.

പണ്ടത്തെപ്പോലെ വീട്ടീൽ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം ഫ്ളാസ‌്കുകളിൽ നിറച്ചാണ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് ഇറങ്ങുന്നത്. കുപ്പിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ സ്ഥാനാർത്ഥികൾക്ക് അത്ര വിശ്വാസം പോരാ. ഇളനീരാണെങ്കിൽ കുഴപ്പമില്ല. സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ചെത്തിയ കരിക്കിന്റെ ശേഖരം ആവശ്യത്തിനു കാണും. സ്ഥാനാർത്ഥി കുടിച്ച ശേഷം ഇളനീരിന്റെ കാമ്പ് കിട്ടുമെന്നതുകൊണ്ട് നേരത്തിന് വല്ലതും ആഹരിക്കാൻ കിട്ടാത്ത പ്രവർത്തകരും ഹാപ്പി.

ഷുഗർ, പ്രഷർ രോഗികളാണ് മിക്ക സ്ഥാനാാർത്ഥികളും. സമയത്തിന് ആഹാരം കഴിച്ചില്ലെങ്കിൽ ഷുഗർ ലെവൽ ഡൗൺ ആയി പ്രശ്‌നമാകും. മരുന്നിനു പുറമേ ഇൻസുലിൻ സിറിഞ്ചുമായി നടക്കുന്നവരുമുണ്ട്.

വയറിളക്കത്തിന് സാദ്ധ്യതയുള്ളതൊന്നും സ്ഥാനാർത്ഥി കഴിക്കില്ല. പാലിന്റെ ഗുണമേന്മ ഉറപ്പിക്കാൻ ആവാത്തതുകൊണ്ട് ചായയും കാപ്പിയും മെനുവിൽ നിന്ന് കംപ്ളീറ്റ് ഔട്ട്. ക്ഷീണമകറ്റാൻ ഓറഞ്ച്, ആപ്പിൾ തണ്ണിമത്തൻ... ഒക്കെയാകാം. ഈന്തപ്പഴം, അണ്ടിപ്പരിപ്പ് തുടങ്ങിയ ഡ്രൈഫുഡ്സും പഥ്യം. ചൂടുകാലത്ത് ദാഹത്തിന് ഏറ്റവും ഗുണം മോരിൻവെള്ളമാണെങ്കിലും പലർക്കും വയറിനു പിടിക്കണമെന്നില്ല. കരിക്ക്- സംഭാരം കോംബിനേഷനും അത്ര ശരിയാകില്ല.

നോൺ വെജ് ഐറ്റംസ് വെട്ടിവിഴുങ്ങുന്ന സ്ഥാനാർത്ഥികളും പ്രചാരണകാലത്ത് സസ്യാഹാര പ്രിയരാകും. വറുത്തതും പൊരിച്ചതുമൊക്കെ ഇനി തിരഞ്ഞെടുപ്പു കഴിഞ്ഞ്. ചോറും കറികളും ഒഴിവാക്കി ഓട്സിലേക്ക് തിരിഞ്ഞവരുമുണ്ട്.

സമയത്ത് ആഹാരം കഴിക്കാനാവില്ല എന്നതാണ് സ്ഥാനാർത്ഥികളുടെ പ്രധാന ബുദ്ധിമുട്ട്. പ്രചാരണം രണ്ടാം റൗണ്ടിലെത്തുന്നതോടെ ഉച്ചഭക്ഷണം പോലും വൈകുന്നേരത്താകും. ഈ അപകടം മുൻകൂട്ടിക്കണ്ട്, വിശപ്പ് തോന്നാതിരിക്കാൻ ഗുളിക വിഴുങ്ങുന്നവരുമുണ്ട് മണ്ഡല പര്യടനത്തിലേക്ക് തിരിയുന്നതോടെയാണ് ആഹാരത്തിൽ അതീവശ്രദ്ധ വരിക. പിടിച്ചുനിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രവർത്തകരുടെ വീടുകളിലെ ടോയ്ലറ്റ് തേടിപ്പോകേണ്ടി വരും.സ്വീകരണയോഗം അതോടെ കലങ്ങും. അതുകൊണ്ട് റിസ്‌ക് വയ്യ. വോട്ടിനൊപ്പം വയറും നോക്കണം.