oda

വൈക്കം : മികച്ച നിലവാരത്തിൽ റോഡ് നിർമ്മിച്ചെങ്കിലും പുളിഞ്ചുവട് - മുരിയൻകുളങ്ങര - ചേരുംചുവട് റോഡിൽ ഓടകൾക്ക് മൂടിയില്ലത്താത് അപകടം വിളിച്ചുവരുത്തുന്നു. കാലങ്ങളായി തകർന്നുകിടന്നിരുന്ന റോഡ് അടുത്തിടെയാണ് പുനർനിർമ്മിച്ചത്. ഉയർത്തി നിർമ്മിച്ച റോഡിന്റെ ഇരുവശവും പുതിയ ഓടകളും തീർത്തിട്ടുണ്ട്. റോഡിന്റെ ടാറിംഗ് അവസാനിക്കുന്നത് ഇരുവശത്തും ഓടയുടെ ഭിത്തിയിലാണ്. ആഴത്തിലുള്ള ഓടകൾ കോൺക്രീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് വശത്തും ഓട നിർമ്മിച്ചത് റോഡിന്റെ വീതിയും കുറച്ചിട്ടുണ്ട്. റോഡ് മികച്ച നിലവാരത്തിലായപ്പോൾ അമിത വേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിനോടകം ഓടകളിൽ വീണ് നിരവധി അപകടങ്ങളും നടന്നു കഴിഞ്ഞു. ഓടകൾക്ക് സ്ലാബില്ലാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കാൽനടയാത്രക്കാർക്കും ഇത് അപകടങ്ങൾ സൃഷ്ടിക്കുന്നു. പരസ്പരം സൈഡ് കൊടുക്കുമ്പോഴും രാത്രികാലങ്ങളിലും വാഹനങ്ങൾ ഓടയിൽ വീണ് അപകടമുണ്ടാകുന്നു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് സ്ലാബില്ലാത്ത ഓടകൾ ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്നത്. എത്രയും വേഗം സ്ലാബ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.