ചങ്ങനാശേരി: കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഗാരിജ് കെട്ടിടത്തിനു സമീപമുള്ള സംരക്ഷണഭിത്തിയുടെ ഭാഗങ്ങൾ തകർന്നിട്ട് ആറ് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കാതെ അധികൃതർ. സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗവും എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിലാണ്. എം.വൈ.എം.എ റോഡിൽ നിന്നു ജനറൽ ആശുപത്രിയിലേക്കുള്ള ഇടവഴിക്ക് സമീപമുള്ള ഭാഗമാണ് തകർന്നത്. നഗരത്തിലെ ഗതാഗതതിരക്ക് ഒഴിവാക്കി ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും കടന്നുപോകുന്ന വീതി കുറഞ്ഞ വഴിയിലേക്കാണ് മതിലിന്റെ ഭാഗങ്ങൾ വീണുകിടക്കുന്നത്. വിദ്യാർത്ഥികളും ആശുപത്രിയിലേക്ക് പോവുന്നവരും പ്രായമായ ആളുകളും ഉൾപ്പെടെ ഒട്ടേറെ കാൽനടയാത്രക്കാർ ദിനംപ്രതി സഞ്ചരിക്കുന്ന ഇടവഴിയാണിത്.
കാട് മൂടിനിലയിലുള്ള ഈ പ്രദേശം ഇഴജന്തുക്കളുടെ താവളം കൂടിയാണിത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ സംരക്ഷണ മതിലിന്റെ സമീപത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലെ സംരക്ഷണ ഭിത്തിയും കൽക്കെട്ടുകളും തകർന്നിട്ടും നാളുകളേറെയായി. യാത്രക്കാർക്കും ഓട്ടോറിക്ഷാ ജീവനക്കാർക്കാർക്കും ഇവ ഭീഷണി ഉയർത്തുന്നു. റോഡിനു വീതിയില്ലാത്തതിനാൽ നടപ്പാതയിലാണ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇത് പുനസ്ഥാപിക്കുന്നതിനും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടാകുന്നില്ല. ജനറൽ ആശുപത്രിയിലേക്കുള്ള ഇടവഴി കൂടെയാണിത്.
ഇടവഴി സാമൂഹ്യവിരുദ്ധരുടെ താവളം
സന്ധ്യമയങ്ങിയാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. വഴി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും കത്താറില്ല. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ് ഇവിടം. ഇടറോഡായതിനാൽ മദ്യപസംഘത്തിന്റെ പിടിയിലാണ് ഇവിടം. മദ്യക്കുപ്പികളും മറ്റ് അവശിഷ്ടങ്ങളും ഇവിടെ കൂടിക്കിടക്കുന്ന നിലയിലാണ്. ഇടിഞ്ഞുപോയ സംരക്ഷണഭിത്തിയുടെ വിടവുകളിലും പൊത്തുകളിലും അടക്കം ഒഴിഞ്ഞ മദ്യക്കുപ്പികൾ വച്ചിരിക്കുന്നതു കാണാം.