aproach-road

ഉദയനാപുരം : തോടിന് കുറുകെ പാലം പണിത് നാല് വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് പണിയാത്തതിനാൽ ജനം ദുരിതത്തിൽ. വളരെ ഉയരത്തിലുള്ള പാലത്തിലേക്ക് തടിക്കഷ്ണങ്ങൾ ചേർത്തിട്ടാണ് പ്രദേശത്തെ പത്തോളം നിർദ്ധന കുടുംബങ്ങൾ ഇപ്പോൾ മറുകര കടക്കുന്നത്. ഉദയനാപുരം പഞ്ചായത്തിലെ വാഴമനയിലാണ് അപ്രോച്ചുറോഡില്ലാത്ത പാലം പ്രദേശവാസികൾക്കും കർഷകർക്കും ദുരിതം സമ്മാനിക്കുന്നത്. നാലു വർഷം മുമ്പ് 28 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രധാന നിരത്തിനോട് ബന്ധിപ്പിച്ച് പൂഴിറോഡും പാലവും നിർമ്മിച്ചത്. പിന്നീട് അപ്രോച്ച് റോഡ് തീർക്കാൻ പദ്ധതി ഉണ്ടായില്ല. പാലത്തിന്റെ മറുകരയിൽ താമസിക്കുന്ന നന്ദനത്തിൽ അനീഷിനും കാലപ്പഴത്താൽ ജീർണിച്ച വീട് പൊളിച്ചുപണിയാൻ ധനസഹായം അനുവദിച്ച നടുവിലേഴത്ത് ഉദയനും പാലത്തിന് അപ്രോച്ച് റോഡില്ലാത്തതിനാൽ കെട്ടിട നിർമ്മാണ സാമഗ്രികൾ വീട്ടിലെത്തിക്കുന്നതിനു കഴിയാത്ത സ്ഥിതിയാണ്. വാഴമന തോടിന് കുറുകെ നിർമ്മിച്ച പാലത്തിനപ്പുറം മാനാപള്ളി പാടശേഖരത്തിന്റെ പുറംബണ്ടാണ്. 250 ഏക്കറോളം വിസ്തൃതിയുള്ള മാനാപള്ളി പാടശേഖരത്തിന്റെ പടിഞ്ഞാറുഭാഗത്തെ നെൽകൃഷിയുടെ വികസനത്തിനും ഇതുവഴി ഗതാഗത സൗകര്യം ഉണ്ടാകുന്നത് സഹായകരമാകും. മഴക്കാലമായി വെള്ളം പൊങ്ങിയാൽ ഇപ്പോൾ പാലത്തിലേയ്ക്ക് ചാരി വച്ചിരിക്കുന്ന മരക്കഷണങ്ങൾ വയ്ക്കാനാവില്ല. തോടിനിപ്പുറമെത്തി പുറം ലോകവുമായി ബന്ധപ്പെടാൻ പ്രദേശവാസികൾ ഏറെ ദുരിതം സഹിക്കേണ്ടിവരും. പാലം ഗതാഗത യോഗ്യമാകാത്തതിനാൽ ഇതുവഴി ജലവിതരണ പൈപ്പും കടന്നു പോയിട്ടില്ല. കുടിവെള്ളം ശേഖരിക്കാൻ രണ്ട് കിലോമീ​റ്ററോളം ചു​റ്റിപോകേണ്ട സ്ഥിതിയിലാണ് പ്രദേശവാസികൾ. അപ്രോച്ച് റോഡ് നിർമ്മിച്ച് ഗതാഗത സൗകര്യമൊരുക്കി തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിനു ആക്കം കൂട്ടുന്നതിന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വീടിന് തൊട്ടുമുന്നിൽ പാലമെത്തിയിട്ടും അപ്രോച്ചുറോഡില്ലാത്തതിനാൽ സർക്കാരിന്റെ ധനസഹായം ലഭ്യമാക്കി അടച്ചുറപ്പുള്ള വീടുണ്ടാക്കാൻ കഴിയാത്ത ദുരവസ്ഥയാണു തങ്ങൾക്കുള്ളത് അനീഷ് പ്രദേശവാസി

.