കോട്ടയം: സ്ഥാനാർത്ഥികളും പാർട്ടികളും പൂർണ സഹകരണം വാഗ്ദാനം ചെയ്തതോടെ തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമായി. ഫ്ളക്സുകൾ പ്രിന്റ് ചെയ്ത് പ്രദർശിപ്പിച്ചിരുന്നെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് പാർട്ടിക്കാർ എടുത്തുമാറ്റി. മാർഗനിർദേശങ്ങൾ വ്യക്തമാക്കി സർക്കാർ രണ്ട് ഉത്തരവുകൾ ഇറക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക നിർദേശം പുറപ്പെടുവിക്കുകയും ചെയ്തതോടെ കഴിഞ്ഞ തവണത്തേക്കാൾ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പരിശീലനത്തിൽപോലും ഹരിതമാർഗ രേഖ പാലിക്കുന്നുണ്ട്.
പ്രചരണത്തിനായി വഴിയോരങ്ങളിൽ വൈക്കോലും ഓലയും പുല്ലുമൊക്കെയായി കുടിലുകളുടെ മാതൃകകളുണ്ടാക്കിയിരുന്ന കാലം അപ്രത്യക്ഷമാകുകയാണ്. ഓലയിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും എഴുതി പ്രദർശിപ്പിക്കുന്നതും സ്വീകരണവേദികൾ ഈന്തില ഉപയോഗിച്ച് അലങ്കരിക്കുന്ന പതിവും ഇക്കുറി കണ്ടില്ല. പൊതുസ്ഥലങ്ങളിൽ പ്രചാരണ സാമഗ്രികൾ പാടില്ലെന്ന നിയമം കർശനമാക്കിയതോടെയാണ് ഇത്തരം പ്രചരണ രീതി പുറത്തായത്. എന്നാൽ ചുവരെഴുത്തും തുണിബാനറും പിടിച്ചു നിൽപ്പുണ്ട്. ഫ്ളക്സ് ബോർഡുകൾക്ക് പകരം ബോവർ മീഡിയയും കാൻവാസുകളും ഇടംപിടിച്ചുകഴിഞ്ഞു. ആവശ്യമായ ബോർഡുകളുടെ കണക്കെടുത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റികൾ വഴി പ്രിന്റ് ചെയ്തെടുക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. ചെലവ് കുറയ്ക്കാനും ബോർഡുകളുടെ നിലവാരം കൂട്ടാനും ഇത് സഹായിക്കുമെന്ന് നേതാക്കൾ പറയുന്നു. ബോർഡുകൾക്കൊപ്പം കിടുക്കൻ പോസ്റ്ററുകളുമായാണ് എൽ.ഡി.എഫ് രംഗത്തിറങ്ങിയത്. വിവിധ സംഘടനകൾ സ്ഥാനാർത്ഥികൾക്ക് അഭിവാദ്യം അർപ്പിച്ച് വച്ച ഏതാനും ഫ്ളക്സുകൾ മാത്രമാണ് ഹരിതമാർഗരേഖയ്ക്ക് വിഖ്യാതമായത്. ഇത് ജില്ലാ ഭരണകൂടം തൂക്കിയെടുക്കുകയും ചെയ്തു.
സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ കവലയിൽ തോരണം തൂക്കിയും ബോർഡ് വച്ചും സമയം കളയേണ്ടെന്നാണ് യുവാക്കളുടെ ചിന്ത.
കളക്ടറേറ്റിലും ഹരിതം
കളക്ടറേറ്റിലും ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിൽപ്പോലും ഹരിതചട്ടം കർശനമായി നടപ്പാക്കണമെന്നാണ് നിർദേശം. ഡിസ്പോസബിൾ ചായക്കപ്പുകൾ പോലും അപ്രത്യക്ഷമായി.