pj-joseph

കോട്ടയം: പി.ജ. ജോസഫിനെ വെട്ടി കോട്ടയത്ത് മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് കൺവെൻഷന് ജോസഫ് എത്തിയെങ്കിലും ഏറെ സംസാരിച്ചത് രാഹുലിനെയും പ്രിയങ്കയെയും കുറിച്ച്.

മാണിഗ്രൂപ്പ് രാഷ്ട്രീയ വിവാദത്തിൽ തൊട്ടില്ല. തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്നും പറഞ്ഞില്ല. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ

വി.എൻ. വാസവന് എങ്ങനെ ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മോൻസ് ജോസഫിന്റെയും അനൂപ് ജേക്കബിന്റെയും ലീഡ് മറികടക്കാൻ കഴിയുമെന്ന ചോദ്യം ഉന്നയിച്ച ജോസഫ് രാഹുലിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം വിളിച്ചതിന് പുറമേ പ്രിയങ്കയ്ക്ക് ഇന്ദിരയുടെ അതേ മൂക്കാണെന്നും പ്രശംസിച്ചു. വേദിയിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയെയും യോഗത്തിന് എത്താതിരുന്ന ഉമ്മൻചാണ്ടിയെയും വാനോളം പുകഴ്ത്തി. കെ.എം. മാണിയെക്കുറിച്ചോ ജോസ് കെ. മാണിയെക്കുറിച്ചോ ഒന്നും പറഞ്ഞതുമില്ല.

അനാരോഗ്യം കാരണം കെ.എം. മാണി യോഗത്തിനെത്തിയിരുന്നില്ല. യോഗം ആരംഭിച്ച് പകുതിയായപ്പോൾ മോൻസ് ജോസഫിനൊപ്പമെത്തിയ ജോസഫിനെ ജോസ് കെ. മാണി കൈപിടിച്ച് വേദിയിലേക്ക് കയറ്റി. അദ്ധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണന് സമീപമാണ് ജോസഫിരുന്നത്.

ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് നല്ല ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നു പറഞ്ഞ ജോസഫ് തോമസ് ചാഴികാടൻ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നു പറയാതിരുന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ജോസ് കെ. മാണി ഒന്നേകാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയ കാര്യം ജോസഫ് മിണ്ടിയില്ല.