കോട്ടയം : പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും ചേർന്നുള്ള 'കോമാ' മുന്നണിയെ ജനം തൂത്തെറിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. എൻ.ഡി.എ കോട്ടയം ലോക്‌സഭ സ്ഥാനാർഥി പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്-ബി.ജെ.പി-ലീഗ് സഖ്യമെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നത് പരാജയ ഭീതിമൂലമാണ്. അഞ്ച് സീറ്റുകളിൽ ഈ സഖ്യമാണെന്ന് കോടിയേരി പറയുന്നത് എന്തടിസ്ഥാനത്തിലാണ്. എൻ.ഡി.എയുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കോടിയേരിക്ക് ഇത് എങ്ങനെ പറയാനാകും. തിരഞ്ഞെടുപ്പോടെ സി.പി.എമ്മും സി.പി.ഐയും ദേശീയ പാർട്ടിയല്ലാതായി മാറും. വാജ് പേയിയുടെ ദാക്ഷിണ്യത്തിലാണ് ഇരുകക്ഷികളും ദേശീയ രാഷ്ടീയ പാർട്ടി എന്ന പദവി കൊണ്ട് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ അതും നഷ്ടമാകുമെന്നും മോദി വിരുദ്ധ ചേരി അനുദിനം ദുർബലമാവുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.