കിടങ്ങൂർ : ആവേശം അലയടിച്ചു,​ ആരവമുയർന്നു...നിറങ്ങളിൽ നീരാടിച്ച കുടമാറ്റം കിടങ്ങൂരുകാർക്ക് സമ്മാനിച്ചത് വർണപ്പൊലിമയുടെ നേർക്കാഴ്ച. പള്ളിവേട്ട ഉത്സവദിനമായ ഇന്നലെ വൈകിട്ടു നടന്ന തിരുമുമ്പിൽ സേവയോടനുബന്ധിച്ചാണ് ക്ഷേത്ര തിരുമുറ്റത്ത് തിങ്ങിനിറഞ്ഞ ആയിരങ്ങൾക്ക് കണ്ണിന് കുളിർമ്മയേകി തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃത്വത്തിൽ കുടമാറ്റവും നാദതാള വിസ്മയമായി പൂരപ്രപഞ്ചമേളവും അരങ്ങേറിയത്. മേളപ്രജാപതി ചൊവ്വല്ലൂർ മോഹനൻനായരുടെ പ്രമാണത്തിൽ 111 കലാകാരന്മാർ ചേർന്നൊരുക്കിയ മേളം ഉത്സവപ്രേമികളെ ആവേശക്കൊടുമുടിയിലാക്കി. ഗജരാജൻ ത്രിക്കടവൂർ ശിവരാജു ഭഗവാന്റെ പൊൻതിടമ്പേറ്റിയപ്പോൾ ഇരുപുറവും ഈരാറ്റുപേട്ട അയ്യപ്പനും നായരമ്പലം രാജശേഖരനും അകമ്പടിയായി. ഒപ്പം ഇരുപുറവുമായി മൂന്നുവീതം ഗജശ്രേഷ്ഠന്മാർ കൂടി നിരന്നതോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മതിൽക്കകം ഭഗവാന്റെ പ്രൗഢഗംഭീര എഴുന്നള്ളത്തിന്റെ നേർക്കാഴ്ചയായി. മൂന്നു മണിക്കൂറോളം നീണ്ട മേളപ്പെരുക്കത്തിനും കുടമാറ്റത്തിനും രാത്രി പത്തരയോടെ പരിസമാപ്തിയായി. തുടർന്ന് തിരുവരങ്ങിൽ ചലച്ചിത്രതാരം സരയൂ മോഹനനും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അരങ്ങേറി. പുലർച്ചെ ഒന്നിനായിരുന്നു പള്ളിവേട്ട എഴുന്നള്ളത്ത്.

ഇന്ന് വൈകിട്ട് നാലരയ്ക്കാണ് ചെമ്പിളാവ് പൊൻകുന്നത്ത് മഹാദേവക്ഷേത്രത്തിലേക്കുളള ആറാട്ട് പുറപ്പാട്. ആറിന് ചെമ്പിളാവ് മീനച്ചിലാറ്റിലെ ആറാട്ടുകടവിൽ ആറാട്ട് നടക്കും. ക്ഷേത്രാങ്കണം മുതൽ ആറാട്ടുകടവ് വരെ ഭഗവാനെ കർപ്പൂര ദീപത്തിന്റെ അകമ്പടിയോടെ ഭക്തർ വരവേല്ക്കും.രാവിലെ ശ്രീലകത്ത് പതിവ് ചടങ്ങുകൾക്കുശേഷം ഏഴര മുതൽ അഷ്ടപദി നടക്കും. ഒൻപതിന് ശ്രീബലി, പത്തിന് കിടങ്ങൂർ രാജേഷും അറുപതിൽപരം കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന ആറാട്ടുമേളവും 12.30 മുതൽ മഹാപ്രസാദമൂട്ട്. വൈകിട്ട് ആറര മുതൽ തിരുവരങ്ങിൽ ചലച്ചിത്രതാരം പാരീസ് ലക്ഷ്മിയുടെ ഭരതനാട്യം അരങ്ങേറും. 8.30 ന് തൃക്കിടങ്ങൂരപ്പൻ സഹായനിധി വിതരണോദ്ഘാടനം മോൻസ് എം.എൽ.എ. നിർവഹിക്കും. രാത്രി 10 മുതൽ ചെന്നൈ രാമകൃഷ്ണമൂർത്തിയുടെ സംഗീതസദസ്,​ 10.05ന് ചെമ്പിളാവ് പൊൻകുന്നത്ത് ക്ഷേത്രത്തിൽനിന്ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, പുലർച്ചെ 2 ന് കിഴക്കേ ആലിൻചുവട്ടിൽ ആറാട്ട് എതിരേല്പ്. തുടർന്ന് ലക്ഷദീപം, അകത്ത് എഴുന്നള്ളത്ത്, ആനക്കൊട്ടിലിൽ പറവയ്പ്, തുടർന്ന് കൊടിയിറക്ക്.