വെച്ചൂർ : ഓട നിർമ്മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചതോടെ ഏതുവഴി പോകുമെന്നറിയാതെ പ്രദേശവാസികൾ ദുരിതത്തിൽ. വെച്ചൂർ റാണി മുക്ക് പള്ളിപ്പാലം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായാണ് ഓട നിർമ്മാണം ആരംഭിച്ചത്. റോഡിന് കുറുകെയുള്ള കലുങ്ക് കല്ലുകെട്ടി ബലപ്പെടുത്തുന്നതിന് ആഴത്തിൽ റോഡ് കുഴിച്ചതോടെ പ്രദേശത്തെ ശുദ്ധജല വിതരണ പൈപ്പും പൊട്ടി കുടിവെള്ളം പാഴാകുകയാണ്. ഒരാഴ്ചയോളം ഗതാഗതം തടസപ്പെടുകയും കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അംബികാ മാർക്കറ്റിൽ നിന്നു വെച്ചൂർ ഔട്ട് പോസ്റ്റ്, ദേവിവിലാസം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലേയ്ക്കു പോകാൻ പടിഞ്ഞാറൻമേഖലയിലുള്ളവർ ആശ്രയിക്കുന്ന എളുപ്പമാർഗമാണിത്. വെച്ചൂരിന്റെ കിഴക്കൻ മേഖലയിൽ നിന്ന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളി, സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറിസ്‌കൂൾ, ആശുപത്രി, ഉച്ചാനത്ത്, കളത്തുപറമ്പ് ,നെടിയാമ്പത്ത്, അയ്യനാട്ട് തുടങ്ങിയ കോളനികളിലേയും റാണിമുക്ക് പ്രദേശത്തേയും കുടുംബങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് വെട്ടിപ്പൊളിച്ചതോടെ ഏറെ പ്രയാസപ്പെട്ടാണ് ആഴമുള്ള തോട്ടിലൂടെ ഇറങ്ങി കയറിയും സമീപ വീടുകളുടെ വളപ്പിലൂടെ കടന്നുമാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ റോഡിലെത്തുന്നത്. റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.