കോട്ടയം: സൗദി അറേബ്യയിൽ നിന്ന് ആളുമാറി കോന്നിയിൽ എത്തിച്ച ശ്രീലങ്കൻ വനിതയുടെ മൃതദേഹത്തോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാദരവ് കാട്ടിയെന്ന് ആക്ഷേപം ഉയർന്നു.

മോർച്ചറിയിൽ സൂക്ഷിക്കാൻ എത്തിച്ച മൃതദേഹം നടപടിക്രമങ്ങളുടെ പേരിൽ ഏറ്റെടുക്കാതിരുന്നതോടെ ഒന്നരമണിക്കൂറാണ് പൊരിവെയിലത്ത് ആംബുലൻസിൽ അനാഥമായി കിടന്നത്. ശീതീകരണ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ നിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോഴേക്കും ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

സൗദിയിൽ മരിച്ച റഫീഖിന്റെ മൃതദേഹമല്ലെന്ന് ജുമാസ്ജിദിലെ കബർസ്ഥാനിൽവച്ചാണ് വീട്ടുകാർ അറിയുന്നത്. കളക്ടർ ഇടപെട്ടാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്. റഫീഖിന്റെ പിതാവ് അബ്ദുൾ റസാഖ്, ഭാര്യാപിതാവ് ഉദുമാൻ, അർദ്ധസഹോദരൻ ജമാലുദ്ദീൻ, കോന്നി സ്റ്റേഷനിലെ പൊലീസുകാരൻ എന്നിവർ മൃതദേഹവുമായി ഇന്നലെ ഉച്ചയ്ക്ക് 12.55ന് മോർച്ചറിക്കു മുന്നിലെത്തിയെങ്കിലും നടപടിക്രമങ്ങൾ തടസമായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹങ്ങൾ മാത്രമേ മോർച്ചറിയിൽ സൂക്ഷിക്കാനാവൂ എന്ന് അധികൃതർ നിലപാടെടുത്തു. റഫീഖിന്റെ മൃതദേഹം എത്താത്തതിന്റെ സങ്കടത്തിനൊപ്പം അജ്ഞാത മൃതദേഹം എന്ത് ചെയ്യണമെന്ന അനിശ്ചിതത്വവും ബന്ധുക്കളെ കുഴപ്പിച്ചു. മെഡിക്കൽ കോളേജ് അധികൃതരുടെ കനിവിനായി അവർ ഓഫീസുകൾ കയറിയിറങ്ങി. ഈ സമയമത്രയും മോർച്ചറി മുറ്റത്തെ ആംബുലൻസിലെ ശവപ്പെട്ടിയിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അനാഥമായി കിടന്നു. കനത്ത വെയിലിൽ ആംബുലൻസിന്റെ അകത്തെ ചൂടും കൂടിയതോടെ ദുർഗന്ധം വമിച്ചു തുടങ്ങി. ഒടുവിൽ പത്തനംതിട്ട, കോട്ടയം കളക്ടർമാർ ഇടപെട്ടതോടെ മൂന്ന് ദിവസത്തേയ്ക്ക് മൃതദേഹം സൂക്ഷിക്കാൻ സൂപ്രണ്ട് അനുമതി നൽകി. അപ്പോഴേയ്ക്കും സമയം 2.30. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും വിദേശത്ത് നിന്ന് കൊണ്ടുവന്ന ശവപ്പെട്ടി സൂക്ഷിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. അത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

'' ഞാൻ കൂലിപ്പണിക്കാരനാണ്. മകന്റെ മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് 40,000രൂപ ചെലവുണ്ട്. ആംബുലൻസിന് കൊടുക്കാൻ പോലും കാശില്ല. ശ്രീലങ്കയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരത്തിനും മറ്റുമായി ഇനിയും പണം കണ്ടെത്തണം.''

--പിതാവ് അബ്ദുൾ റസാഖ് കേരളകൗമുദിയോട്