വൈക്കം : കമ്പ്യൂട്ടറിന്റെ യു.പി.എസ് പണിമുടക്കിയതിനെ തുടർന്ന് തലയാഴം സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ.
ബാറ്ററികൾ പ്രവർത്തനരഹിതമായിട്ട് ഒരു മാസത്തിലേറെയായിട്ടും അധികൃതർ നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം.
ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നപ്പോൾ സ്ഥാപിച്ച പത്ത് ബാറ്ററികളാണ് യു.പി.എസിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നത്. ഇവയിൽ രണ്ടെണ്ണം കഴിഞ്ഞ വർഷം മാറ്റിവച്ചു. ബാക്കി എട്ടെണ്ണമാണ് പ്രവർത്തനരഹിതമായത്. പ്രദേശത്ത് വൈദ്യുതിമുടക്കം തുടർക്കഥയായതോടെ ഓഫീസ് പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ആധാര രജിസ്ട്രേഷൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്കായി ദിവസങ്ങളോളം ഓഫീസ് പടി കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനം.
കാത്തിരിപ്പ് വൈകിട്ട് വരെ
വൈദ്യുതി മുടങ്ങിയതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ ഓഫീസിന് മുന്നിൽ കാത്തുനിന്നു.
നാല് ആധാരങ്ങളായിരുന്നു രജിസ്റ്റർ ചെയ്യാനുണ്ടായിരുന്നത്. വൈകിട്ട് 4.20ന് വൈദ്യുതി വിതരണം പുന:സ്ഥാപിക്കപ്പെട്ട ശേഷമാണ് ഇതിന്റെ നടപടികൾ ആരംഭിച്ചത്.
കമ്പ്യൂട്ടർ സംവിധാനം പലപ്പോഴും പ്രവർത്തിക്കാതെ വരുന്നതിനാൽ ഇവിടെ വരുന്ന സ്ത്രീകളും വൃദ്ധരുമടക്കമുള്ള പൊതുജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ഉന്നത അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം.
സി.എൻ.ബാബു, (ജില്ലാ സെക്രട്ടറി, ആൾ കേരള ഡോക്യുമെന്റ്
റൈറ്റേഴ്സ് ആൻഡ്സ്ക്രൈബ്സ് അസോസിയേഷൻ)