പൊൻകുന്നം:ദേശീയപാതയിൽ 20-ാം മൈലിനു സമീപമുള്ള അപകടവളവായ കടുക്കാമല വളവിന്റെ വീതികൂട്ടിയുള്ള നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. അപകടസാദ്ധ്യത ഏറെയുള്ളതും വീതികുറഞ്ഞ കൊടും വളവുമായ കടുക്കാമലയിലൂടെ കടന്നുപോവുക വാഹനങ്ങൾക്ക് ഏറെ ശ്രമകരമായിരുന്നു. മൂന്നു ബൈപാസ് റോഡുകൾ തുടങ്ങുന്ന ജംഗ്ഷനായതിനാൽ ഇവിടെ എപ്പോഴും വാഹനത്തിരക്കാണ്. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്. ഈ ഭാഗം വീതി കൂട്ടി വളവ് നിവർക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ വളവ് പൂർണമായും നിവർന്നില്ലെങ്കിലും റോഡിന് വീതികൂട്ടി കലുങ്ക് ബലപ്പെടുത്തി. റോഡിൽ പതിച്ചിരുന്ന ടൈൽസ് പൂർണ്ണമായും ഇളക്കിമാറ്റി വീതികൂട്ടി ടാറിംഗ് നടത്തി. ഇനി കാൽനടക്കാർക്കായി നടപ്പാത നിർമ്മിച്ച് ടൈൽപാകുന്ന പണിയാണ് തീരാനുള്ളത്. ഈമാസാവസാനത്തോടെ നവീകരണജോലികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.