kurutharappuzha

തലയോലപ്പറമ്പ് : മാലിന്യംകുന്നുകൂടുകയാണ്, നീരൊഴുക്കും നിലച്ചു...ഒരുകാലത്ത് തലയോലപ്പറമ്പിന്റെ പ്രധാന ജലസ്രോതസായിരുന്ന കുറുന്തറപ്പുഴയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ ആരും മൂക്കത്ത് വിരൽവയ്ക്കും. മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് നിലച്ചതോടെയാണ് പുഴയുടെ നിലനില്പ് തന്നെ ചോദ്യത്തിലായത്. നാലുപതിറ്റാണ്ടുകൾക്ക് മുമ്പ് തലയോലപ്പറമ്പ് ചന്തയിലേക്ക് കെട്ടുവള്ളങ്ങൾ എത്തിയിരുന്നത് പുഴയിലൂടെയാണ്. എന്നാൽ വർഷങ്ങൾ പലത് കടന്നുപോയതോടെ പുഴ മാലിന്യങ്ങൾ നിറഞ്ഞ് കുപ്പത്തൊട്ടിയായി മാറി.

കോടിക്കണക്കിന് രൂപ പുഴ നവീകരണത്തിനായി ചെലവഴിച്ചെങ്കിലും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാകുന്നില്ല. വ്യപാരസ്ഥാപനങ്ങളും പുഴയോരത്ത് താമസിക്കുന്നവരും മാലിന്യംതള്ളുന്നത് പുഴയിലേക്കാണ്. വെള്ളത്തിന് നിറവ്യത്യാസവും അനുഭവപ്പെട്ട് തുടങ്ങി.

നീരൊഴുക്ക് നിലച്ചതോടെ പ്രദേശത്തെ തോടുകളും കിണറുകളും വറ്റിവരണ്ടത് കുടിവെള്ളക്ഷാമത്തിനും ഇടയാക്കി. അടിയം ചാലിൽ നിന്നു വെള്ളം കുറുന്തറപുഴയിലേക്ക് ഒഴുക്കി വിടുന്നതിനുള്ള ബോക്സ് കൾവേർട്ട് അടുത്തിടെ സ്ഥാപിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും പുഴയിലെ മാലിന്യങ്ങൾ മാറാൻ സാദ്ധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. ചന്തത്തോട്ടിൽ നിന്നു പുഴയിലേക്കുള്ള പ്രവേശന കവാടമായ കെ.ആർ.ഓഡിറ്റോറിയത്തിന് സമീപമുള്ള പാലത്തിന്റെ ഫൗണ്ടേഷൻ താഴ്ത്തി പുനർനിർമ്മിച്ചാൽ പുഴയിലെ നീരൊഴുക്ക് ശക്തമാക്കി മാലിന്യം നീക്കാനാകും. ഇത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

ആശങ്കയുടെ കാർമേഘം
പുഴയിലും കൈത്തോടുകളിലും നീരൊഴുക്ക് നിലച്ചതോടെ തലയോലപ്പറമ്പ്, വടയാർ മേഖലകളിലെ നെൽകർഷകരാണ് പ്രതിസന്ധിയിലായത്. വടക്കേ പുതുശേരി, തെക്കേപുതുശേരി, പൊന്നുരുക്കുംപാറ, മനയ്ക്കക്കരി, നടുക്കരി, പഴമ്പെട്ടി പാടശേഖരങ്ങളിലെ കൃഷി നാശത്തിന്റെ വക്കിലാണ്.