ഏഴാച്ചേരി: ലോക ജലദിനത്തിൽ പുഴ ശുചീകരണത്തിലൂടെ നന്മയുടെ തെളിനീരുറവയായി ഏഴാച്ചേരി നിവാസികൾ. 'ഉറവയ്ക്ക് ഒരു ദിനം' എന്ന പേരിട്ട ശുചീകരണ യജ്ഞത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. മാർച്ച് 31ന് നടക്കുന്ന 'വല്യ തോടിന് വല്യാദരം' പരിപാടിക്കു മുന്നോടിയായാണ് ഇന്നലെ ഏഴാച്ചേരി വലിയ തോടിന്റെ ഭാഗങ്ങൾ ശുചീകരിച്ചത്. ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആൻഡ് കൾച്ചറൽ ക്ലബിന്റെ നേതൃത്വത്തിലായിരുന്നൂ തോട് ശുചീകരണം. ഒരു കിലോമീറ്ററോളം ഭാഗത്ത് രണ്ട് കടവുകൾ കേന്ദ്രീകരിച്ചു നടത്തിയ ശുചീകരണത്തിലൂടെ ഇരുപത് ചാക്കോളം മാലിന്യങ്ങളാണ് നാട്ടുകാർ ശേഖരിച്ചത്. ഇവയിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.
വല്യ തോടിന്റെ ചിറ്റേട്ട് കടവിലാണ് 'ഉറവയ്ക്ക് ഒരു ദിനം' ശുചീകരണ പരിപാടിക്കു തുടക്കമായത്. ഏഴാച്ചേരി സെന്റ് ജോൺസ് പള്ളി വികാരി റവ.ഫാ. ജോർജ് പള്ളിപ്പറമ്പിൽ, കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് ശുചീകരണ പരിപാടികൾക്കു തുടക്കം കുറിച്ചു. ഗ്രാമീണരെ ഒന്നാകെ അണിനിരത്തിക്കൊണ്ടു നടത്തുന്ന വല്യ തോട് ശുചീകരണ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് ഇരുവരും പറഞ്ഞു.
സാഹിത്യകാരൻ അമ്പാടി ബാലകൃഷ്ണൻ, നാഷണൽ ലൈബ്രറി സെക്രട്ടറി സനൽകുമാർ ചീങ്കല്ലേൽ, ചിറ്റേട്ട് എൻ.എസ്. എസ്. എൽ. പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി എം.വി., ബാലകൃഷ്ണൻ നായർ കീപ്പാറയിൽ, പി.എസ്. ശശിധരൻ, കെ. അലോഷ്യസ് കണ്ണച്ചാംകുന്നേൽ, സതീഷ് താഴത്തുരുത്തിയിൽ, സുനിൽകുമാർ തുമ്പയിൽ എന്നിവർ പ്രസംഗിച്ചു. 31ന് നടക്കുന്ന 'വല്യ തോടിന് വല്യാദരം' പരിപാടിയിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, വയലാർ ശരത്ചന്ദ്രവർമ്മ തുടങ്ങിയവർ പങ്കെടുക്കും. മാജിക് ഷോ, ഗാനമേള, വല്യ തോട്ടിലേക്ക് ഘോഷയാത്ര, പുഴയിൽ പുഷ്പാർച്ചന, സഹസ്രദീപം തെളിയിക്കൽ എന്നിവയുമുണ്ട്.