e-toilet

ചങ്ങനാശേരി: 'ഡിലൈറ്റ്' എന്നാൽ മലയാളത്തിൽ സന്തോഷം എന്നാണ് അർത്ഥം. പക്ഷേ കുറിച്ചി ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡിലൈറ്റ് ഇ-ടോയ്‌ലെറ്റ് കണ്ടാൽ സന്തോഷമല്ല, സങ്കടമാണ് വരിക. 2012-13 കാലത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചത്. 2005-2010 കാലഘട്ടത്തിൽ പഞ്ചായത്തിലെ ശുചിത്വപ്രവർത്തനങ്ങൾക്ക് ലഭിച്ച നിർമ്മൽ പുരസ്‌കാര തുകയായിരുന്നു ഇതിനായി ചെലവഴിച്ചത്. രണ്ടര ലക്ഷം മുതൽ മൂന്നര ലക്ഷം രൂപവരെയാണ് ഇത്തരം ടോയ്‌ലെറ്റുകളുടെ വില.

താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഗവ. ആയൂർവദേ ആശുപത്രി, കൃഷിഭവൻ, പോസ്റ്റോഫീസ്, കാന്റീൻ തുടങ്ങിയ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകത്തക്ക രീതിയിലാണ് ഇടോയ്‌ലെറ്റ് സ്ഥാപിച്ചതെങ്കിലും ഉദ്ഘാടനം ചെയ്തതല്ലാതെ ഇന്നേവരെ ആരും ഇത് ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. തുടക്കത്തിൽ ഇ-ടോയ്‌ലെറ്റിന് ഉണ്ടായിരുന്ന തകരാറുകൾ പരിഹരിക്കാനും ആരും തയ്യാറായില്ല.

നിർമ്മൽ പുരസ്‌കാരതുക ലഭ്യമായാൽ ആ തുക ഉപയോഗിച്ച് കുറിച്ചി ഗവ. ഹരിജൻ വെൽഫെയർ യു.പി. സ്‌കൂളിൽ മേഡേൺ ശൗചാലയം സ്ഥാപിക്കുക എന്നതായിരുന്നു അന്നത്തെ ഭരണസമിതിയുടെ തീരുമാനം. എന്നാൽ പിന്നീട് വന്ന ഭരണസമിതി നിർമ്മൽ പുരസ്‌കാരതുക

ഇ-ടോയ്‌ലെറ്റിനു വേണ്ടി വിനിയോഗിക്കുകയായിരുന്നു.

പുതിയതായി പണിത ഗ്രാമപഞ്ചായത്ത് കെട്ടിടത്തിനുള്ളിൽ ടോയ്‌ലെറ്റ് സൗകര്യം ഉണ്ടായിരുന്നതിനാൽ ഇതേ കെട്ടിടത്തിൽ തന്നെ വൻ തുക മുടക്കി ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചതിൽ അന്നേ എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നു. നിലവിൽ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന ഇ-ടോയ്‌ലെറ്റ് ഭരണാധികാരികളുടെ പിടിപ്പുകേടിന്റെ ഉദാഹരണമായി മാറുന്നുവെന്നാണ് ആക്ഷേപം.