jaiva-pachakari

തലയോലപ്പറമ്പ് : കൊടൂപ്പാടത്തെ ജൈവപച്ചക്കറി സ്റ്റാളിൽ സദാസമയവും തിരക്കാണ്. പുതുമ മാറാത്ത പച്ചക്കറിക്ക് ആവശ്യക്കാർ‌ ഏറെയാണ്.

വിളവെടുക്കുന്നതും വിറ്റഴിക്കുന്നതും ഇവിടെ. വിലയും തുച്ഛം. ഗോപഭവനിൽ ലക്ഷ്മണൻ, തറയിൽ രാജാറാം, പത്തുപറയിൽ ശിവദാസൻ, കൈതവളപ്പിൽ തിലകൻ എന്നിവരാണ് ആറേക്കറോളം വരുന്ന കൃഷിയിടത്തിൽ കൃഷിയിറക്കി വിജയഗാഥ രചിക്കുന്നത്. വൻവിളവ് നേടിയാലും ന്യായവില ലഭിക്കാതെ ഇടനിലക്കാരുടെ ചൂഷണത്തിനിരയാകുന്ന കർഷകരുടെ പട്ടികയിൽ ഉൾപ്പെടാതിരുന്നതാണ് ഇവരുടെ വിജയം. ആദ്യ കൃഷി വിളവെടുപ്പിന് പാകമായപ്പോൾ പ്രളയം കൊണ്ടുപോയി. നഷ്ടങ്ങൾ സഹിച്ച് രണ്ടാമത് വീണ്ടും കൃഷിയിറക്കുകയായിരുന്നു. ചീര, വെള്ളരി, പൊട്ടുവെള്ളരി, കോവൽ, വള്ളിപ്പയർ, കുറ്റിപ്പയർ,വെണ്ട, വഴുതന, പാവൽ, പടവലം, മുളക് തുടങ്ങിയവയാണുള്ളത്. ചാണകം, കോഴി വളം, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവയാണ് വളമായി ഇടുന്നത്. മറവൻതുരുത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായവുമുണ്ട്.