കോട്ടയം : ശബരി റെയിൽപാത എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പല വാഹനങ്ങൾ കയറിയിറങ്ങി ശബരിമലയിൽ എത്തുന്ന ബുദ്ധുമുട്ട് ഒഴിവാക്കി ഇന്ത്യയിലെവിടെ നിന്നും അയ്യപ്പഭക്തന്മാർക്ക് ട്രെയിനിൽ ശബരിമലയിൽ എത്താൻ കഴിഞ്ഞാൽ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് തിരക്കുമാകും. ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായി ശബരിമല മാറും. വരുമാനം വർദ്ധിക്കും. എന്നാൽ മിക്ക ജനപ്രതിനിധികളും ശബരിമല വികസനപാതയ്ക്ക് എതിരാണ്. വീടിന് സമീപത്തും റബർ തോട്ടങ്ങളിലൂടെയും പാത കടന്നു പോകുന്ന വിഷയമുയർത്തി സ്ഥലമെടുപ്പിനെതിരെ പലയിടത്തും പ്രതിഷേധം ശക്തമായതോടെ സ‌ർവേ പോലും തടസപ്പെട്ടു. ജനങ്ങളുമായി ചർച്ച നടത്തി വികസന പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കേണ്ട ജനപ്രതിനിധികൾ വോട്ട് ബാങ്കിനെ ഭയന്ന് പിന്മാറുകയാണ്.

1996 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. കോട്ടയം ജില്ലയിൽ 217,​1 ഹെക്ടർ സ്ഥലമാണ് ശബരിപാതയ്ക്ക് വേണ്ടത്. ജനമേഖലകളിലൂടെ പാത കടന്നുപോകുന്നതിനാൽ ഭാവിയിൽ നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കില്ലെന്ന് ആരോപിച്ചാണ് ആക്ഷൻ കൗൺസിൽ രംഗത്തുവന്നത്. 150 കോടിയിലേറെ രൂപ റെയിൽവേ ഇതിനകം ചെലവിട്ടു. മൂവാറ്റുപുഴ എം.പിയായിരുന്ന പി.സി.തോമസ് പദ്ധതിക്കായി ഏറെ ശ്രമം നടത്തിയിരുന്നു. കാലടി മൂവാറ്റുപുഴ അലൈൻമെന്റ് പൂർത്തിയായെങ്കിലും പാലാ എരുമേലി ഭാഗത്താണ് ഇപ്പോൾ തർക്കം. ശബരി പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നു വന്നതോടെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞു സംസ്ഥാന സർക്കാരും ഉഴപ്പി. ഇതോടെ പദ്ധതി ത്രിശങ്കുവിലായി. ശബരി പാതയോട് പ്രധാനമന്ത്രിക്ക് ഏറെ താത്പര്യമുണ്ട്. സ്ഥലമെടുപ്പ് പൂർത്തിയായിരുന്നെങ്കിൽ റെയിൽ പാത അടിയന്തിരമായി പൂർത്തിയാക്കാൻ ഫണ്ടും കേന്ദ്ര സർക്കാൻ അനുവദിക്കും. കോട്ടയത്തു നിന്ന് ജയിച്ചു പോയ ജനപ്രതിനിധികളാരും ശബരി പാതയ്ക്കായി പാർലമെന്റിൽ വാദിച്ചതായി അറിവില്ല. സ്ഥലമെടുപ്പ് , സർവേ തർക്കം ഉന്നയിച്ചു തട്ടിക്കളിച്ചു പദ്ധതി വൈകിപ്പച്ചതിന്റെ പിതൃത്വം ഇവിടെ നിന്നു ജയിച്ചുപോയ എം.പിമാർക്കാണ്.