karshakan-joshi

തലയോലപ്പറമ്പ് : ചെരിഞ്ഞ് അപകടാവസ്ഥയിലായ വൈദ്യുതി പോസ്​റ്റ് മാ​റ്റി സ്ഥാപിക്കാതെ പകരം ടച്ച് വെട്ടിന്റെ പേരിൽ കർഷകന്റെ കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച് കെ.എസ്.ഇ.ബി അധികൃതർ. വെട്ടിക്കാട്ട് മുക്ക് പാറയ്ക്കൽ റോഡിന് സമീപം മാലിയിൽ സാജുവിന്റെ സ്ഥലം പാട്ടത്തിനെടുത്ത് ഏത്തവാഴകൃഷി നടത്തുന്ന കരിപ്പാടം പൂവത്തുംതാഴെ ജോഷിയുടെ 60 ഓളം വാഴകളാണ് കഴിഞ്ഞ ദിവസം വെട്ടിനശിപ്പിച്ചത്. പത്ത് വർഷമായി നേന്ത്റവാഴ കൃഷി നടത്തിവരികയാണ് ജോഷി. പ്രളയത്തിലും ആയിരത്തിലധികം വാഴകൾ നശിച്ചിരുന്നു.

ലോണെടുത്ത് കൃഷി നടത്തുന്ന ഇദ്ദേഹത്തിന് വിള ഇൻഷ്വറൻസ് തുക പോലും ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടക്കാൻ കഷ്ടപ്പെടുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ ഇരട്ട പ്രഹരം. സംഭവവുമായി ബന്ധപ്പെട്ട് ജോഷി തലയോലപ്പറമ്പ് പൊലീസ്, വെള്ളൂർ കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാൽ സ്ഥലം സന്ദർശിച്ചു. കെ.എസ്.ഇ.ബി അധികൃതരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന് കിസാൻസഭ വെള്ളൂർ പഞ്ചായത്ത് സെക്രട്ടറി വേലായുധൻ ആവശ്യപ്പെട്ടു.