വെള്ളൂർ : കൊടുംവേനലിൽ നാട് ഉരുകുമ്പോൾ നാട്ടുകാർക്ക് കുടിവെള്ളം വിതരണം ചെയ്ത് കർഷകൻ മാതൃകയാകുന്നു. പെരുവ വേലിയാങ്കര മൂർക്കാട്ടിൽ വിജയൻ (65) ആണ് നാടിന് മാതൃകയാകുന്നത്. വേനലിൽ പണം വാങ്ങി കുടിവെള്ളം വിൽക്കുന്നവരുടെ നാട്ടിലാണ് സൗജന്യമായി വെള്ളം നൽകി കർഷകനായ വിജയൻ വ്യത്യസ്തനാകുന്നത്. വിജയന്റെ പുരയിടത്തിലെ കിണറ്റിൽ നിന്നും 13 മോട്ടോറുകൾ ഉപയോഗിച്ച് പ്രദേശത്തെ 23 കുടുംബങ്ങൾ വീട്ടവശ്യത്തിനായി വെള്ളം ശേഖരിക്കുന്നുണ്ട്. കൂടാതെ പഞ്ചിയത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേർ വാഹനങ്ങളിൽ വന്ന് ടാങ്കുകളിലും മറ്റും വെള്ളം ശേഖരിച്ച് കൊണ്ടു പോകുന്നു. ഇവർക്കെല്ലാം വിജയൻ സ്വന്തം മോട്ടോർ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്ത് നൽകുന്നത്. പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെടുന്ന സമയത്ത് പമ്പിംങ്ങിനായി വിജയൻ ഡീസലിൽ പ്രവർത്തിക്കുന്ന മോട്ടോറും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്കാരനായ വിജയൻ കഴിഞ്ഞ പത്ത് വർഷമായി കുടിനീർ വിതരണം തുടങ്ങിയിട്ട്. പ്രദേശത്തെ മുഴുവൻ വീടുകളിലെയും കിണറുകളിൽ വെള്ളം വറ്റിയാലും വിജയന്റെ കിണർ ജല സമ്പുഷ്ടമായിരിക്കും. 30 അടിയിലധികം താഴ്ച്ചയുള്ള കിണറ്റിൽ എപ്പോഴും 15 അടിയിലധികം വെള്ളം ലഭ്യമാണ്. ദാഹിച്ച് വലയുന്ന നൂറ് കണക്കിന് ആളുകൾക്ക് കുടിവെള്ളം എങ്കിലും നൽകാൻ കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് വിജയനും കുടുംബവും.