കോട്ടയം: തൊട്ടാൽ പൊള്ളുന്ന പൊരിവെയിൽ തിരുനക്കരയുടെ പൂരാവേശത്തിനു മുന്നിൽ മുട്ടുമടക്കി. പതിവ് പൂരത്തിന് വിരുന്നെത്താറുള്ള ചെറുമഴ ഇക്കുറി മാറി നിന്നപ്പോൾ, മാനം പതിവിലും ആവേശത്തിൽ കത്തിജ്വലിച്ചു നിന്നെങ്കിലും പൂരപ്രേമികളുടെ ആർപ്പൂവിളികൾക്കും ആവേശത്തിനും മുന്നിൽ വേനൽച്ചൂട് പോലും തോറ്റുമടങ്ങി.

ഇന്നലെ വൈകിട്ട് നാലു മണിയോടെ പൂരത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്ര മൈതാനത്ത് കൊട്ടിക്കയറി തുടങ്ങിയിരുന്നു. പൊലീസും, ക്ഷേത്രം ഭാരവാഹികളും ക്രമീകരണങ്ങളെല്ലാം നടത്തിയപ്പോഴേയ്ക്കും പുരുഷാരം നിറഞ്ഞ് കവിഞ്ഞിരുന്നു. രാവിലെ 11 മുതൽ തന്നെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങൾ തിരുനക്കരയപ്പനെ കണ്ടു തൊഴുത് പൂരപ്രാമാണ്യം എടുത്തണിഞ്ഞിരുന്നു. കാരാപ്പുഴ അമ്പലക്കടവ് ദേവിക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണക്ഷേത്രം, കോടിമത പള്ളിപ്പുറത്ത് കാവ്, മുട്ടമ്പലം കൊപ്രത്ത് ദുർഗ ദേവി ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർ കുളര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കൊമ്പൻമാർ ആർപ്പും ആരവവുമായി ക്ഷേത്രത്തിന്റെ പടികടന്ന് എത്തിയതോടെ തിരുനക്കരയുടെ തിരുമുറ്റത്ത് പൂര ലഹരി പൂത്തുലഞ്ഞു തുടങ്ങി.

പിന്നീട് എങ്ങനെയും വൈകുന്നേരമാകാനുള്ള കാത്തിരിപ്പിലായിരുന്നു അക്ഷര നഗരത്തിലെ പൂരപ്രേമികൾ.

തിരുനക്കര മൈതാനത്തെ വേദിയിൽ താഴ്‌മൺ മഠം കണ്‌ഠരര് മോഹനരര് ഭദ്രദീപം തെളിച്ചതോടെ പൂര ചടങ്ങുകൾ തുടങ്ങി. ഇരുചേരുവാരങ്ങളിലുമായി ഗജവീരൻമാർ അണിനിരന്നോടെ തിരുനക്കര പൂര പ്രഭയിലായി. കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജനും, പടിഞ്ഞാറൻ ചേരുവാരത്തിൽ ഭാരത് വിനോദും തിടമ്പേറ്റി. ചെറുശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ മേജർ സെറ്റ് പഞ്ചാരിമേളം തിരുനക്കരയ്‌ക്ക് പുത്തൻ ആവേശമായി. ഈരാറ്റുപേട്ട അയ്യപ്പൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, നായരമ്പലം രാജശേഖരൻ, ഗുരുവായൂർ ദേവസ്വം സിദ്ധാർഥൻ, തിരുവേഗപ്പുറ പത്മനാഭൻ, ചൈത്രം അച്ചു, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, തോട്ടുചാലിൽ ബോലോനാഥ്, കുളമാക്കിൽ ഗണേഷ്, വെളിന്നല്ലൂർ മണികണ്ഠൻ, കുന്നുേമൽ പരശുരാമൻ, വലിയവീട്ടിൽ ഗണപതി, ചെറായി ശ്രീ പരമേശ്വരൻ, പുത്തൻകുളം കേശവൻ, ഉഷശ്രീ ദുർഗപ്രസാദ്, തോട്ടയ്ക്കാട് കണ്ണൻ, ഭാരത് വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം കൃഷ്ണനാരായണൻ, മഞ്ഞക്കടമ്പിൽ വിനോദ്, പനയ്ക്കൽ നന്ദൻ എന്നീ ഗജവീരൻമാരും ഇരുചേരുവാരത്തിലുമായി അണിനിരന്നു.