പാലാ : വാടകയ്‌ക്കെടുത്ത കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ പുള്ളിൽ പുളിക്കൽകവല ബിനിൽ മാത്യു (20), കങ്ങഴ ഇടയിരിക്കപ്പുഴ തടത്തിൽ വിഷ്ണു സുരേഷ് (23), പൊൻകുന്നം ചിറക്കടവ് മടുക്കയിൽ രോഹിത് സാബു (21) എന്നിവരാണ് പാലാ പൊലീസിന്റെ പിടിയിലായത്. കോട്ടയം എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പാലാ ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് പാലാ ഈരാറ്റുപേട്ട റോഡിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഈരാറ്റുപേട്ടയിൽ നിന്നും വാടകയ്‌ക്കെടുത്ത് റിറ്റ്‌സ് കാറിൽ 505 ഗ്രാമോളം കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്. പാലായിലും പരിസരപ്രദേശത്തുമുള്ള സ്‌കൂൾ കോളേജ് കുട്ടികൾക്ക് എത്തിക്കാനാണ് കഞ്ചാവുമായി വന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാമ്പാടിയിൽ ബൈക്ക് കത്തിച്ച കേസിലും മോഷണക്കേസിലും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ആറോളം കേസുകളിലും ബിനിൽ പ്രതിയാണ്. പൊൻകുന്നം പാമ്പാടി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. ബിനിൽ കഞ്ചാവ് നിരന്തരം ഉപയോഗിക്കുന്ന ആളും ലഹരിക്ക് അടിമയും ആണെന്ന് പൊലീസ് പറയുന്നു. വിഷ്ണുവും രോഹിതിനും എതിരെയും കേസുകളുണ്ട്. വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയ എസ്.ഐ. ബിനോദ് കുമാർ സ്‌ക്വാഡ് അംഗങ്ങളായ ബിനോയി, രാജേഷ്, ഹരി, അജയകുമാർ, സോണി, മണി എന്നിവരാണ് പ്രതികളെ പിടികൂടിയത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.