agriculture

കോട്ടയം : പനച്ചിക്കാട് കളത്തിൽ കടവിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചു. 2020തോടെ സമ്പൂർണ തരിശുരഹിത വാർഡായി മാറുകയെന്ന ലക്ഷ്യത്തോടെ കാൽനൂറ്റാണ്ടായി തരിശു കിടന്ന പാടശേഖരങ്ങളിൽ കഴിഞ്ഞ വർഷമാണ് വിത്തു വിതച്ചത്.

കുരുവിക്കാട് മൂലേച്ചിറ പാടശേഖരം, ചെല്ലിശ്ശേരി പാടശേഖരം, അലമ്പാകേരി, പുന്നക്കൽ വടക്കും പുറം, പുന്നക്കൽ പടിഞ്ഞാറ് കര അരികുപുറം പാടശേഖരങ്ങളിലായി 43 ഏക്കർ സ്ഥലത്താണ് ഇപ്പോൾ കൊയ്ത്ത് പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിനകം കൊയ്ത്ത് പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും ലഭിച്ച വിത്തുകൾ പ്രദേശത്തെ കൃഷിക്കാരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തിരുന്നത്.

പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയാകുമ്പോൾ 25 ലക്ഷം രൂപയുടെ നെല്ല് സംഭരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ. സിവിൽ സപ്ലെയ്സ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് കൊയ്തെടുത്ത നെല്ല് സംഭരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളായ മേജർ ഇറിഗേഷൻ, വാട്ടർ അതോറിട്ടി, ഹരിത കേരളമിഷൻ എന്നിവയുടെ സഹായത്തോടെയാണ് തരിശുനില കൃഷി പ്രോത്സാഹിപ്പിക്കുന്നത്.