കിടങ്ങൂർ: പന്നഗംതോട്ടിലെ ചെക്ക്ഡാം സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു. കല്ലിട്ടുനടയ്ക്ക് സമീപം തോട്ടത്തിൽചിറയിലെ മിനിചെക്ക്ഡാമിന്റെ പലകകളാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുദ്ധർ തുറന്നുവിട്ടത്. ചങ്ങലയിട്ട് പൂട്ടിയിരുന്ന പലകകൾ പൂട്ട് തകർത്ത് ഉയർത്തി വെള്ളം ഒഴുക്കിവിടുകയായിരുന്നു. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ചെക്ക്ഡാം നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വെള്ളം ഒഴുകിപ്പോയി ജലനിരപ്പ് താഴ്ന്നതോടെ പരിസരവാസികളാകെ ബുദ്ധിമുട്ടുകയാണ്. ചെക്ക് ഡാമിലെ വെള്ളത്തിൽ വിഷം കലക്കി മീൻപിടുത്തവും വ്യാപകമാണെന്നും പരാതിയുണ്ട്. വെളളംമലിനമാക്കുന്ന പ്രവൃത്തിക്കൊപ്പമാണ് ഉള്ളവെള്ളംകൂടി ഒഴുക്കി കളഞ്ഞ് സാമൂഹിക വിരുദ്ധർ നാട്ടുകാരെ വലയ്ക്കുന്നത്. ഇവർക്കെതിരേ പൊലീസ് നടപടിയെടുക്കണമെന്നും പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.