ചങ്ങനാശേരി : 66 കെ.വി ലൈൻ പൊട്ടി വീണ് പായിപ്പാട് തേവരുനട ക്ഷേത്രത്തിനു സമീപം തുരുത്തിക്കടവ് - ഒറവയ്ക്കൽ ശ്രീവിലാസം മോഹനന്റെ വീടിന് നാശനഷ്ടം. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. വീടിന്റെ സമീപത്തുകൂടി കടന്നു പോകുന്ന 66 കെ.വി ലൈനിലേയ്ക്ക് സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ലൈനും തെങ്ങും മോഹന്റെ വീടിന്റെ മുകളിലേക്ക് പതിച്ചു. വലിയ അഗ്നിഗോളത്തിനു ശേഷം ലൈൻ പൊട്ടിത്തെറിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്ന മോഹനും ഭാര്യയും മാതാവും വീടിനു പുറത്തേയ്ക്ക് ഓടിമാറി. മീറ്ററും വൈദ്യുതി ഉപകരണങ്ങളും പൂർണമായി കത്തി നശിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു. അപകടത്തിൽ സമീപ പ്രദേശത്തെ വീടുകളിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.