തലയോലപ്പറമ്പ് : കത്തുന്ന ചൂടിൽ ഒരിറ്റ് വെള്ളത്തിനായുള്ള തലയോലപ്പറമ്പ് പഞ്ചായത്ത് നിവാസികളുടെ പരക്കംപാച്ചിലിന് പരിഹാരമാകുന്നു. എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ആരംഭിച്ച തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ അവസാനഘട്ടത്തിൽ. സിലോൺ കവല, കാർത്ത്യായനി ദേവി ക്ഷേത്രം റോഡ്, ചിരട്ടക്കടവ് എന്നിവിടങ്ങളിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാകാനുള്ളത്. ഇവയുടെ നിർമ്മാണ പ്രവർത്തനം വേഗത്തിൽ നടന്ന് വരികയാണ് ഈ മാസം 30 ന് അകം പൂർത്തീകരിച്ച് 31ന് കുടിവെള്ളം പമ്പിംഗ് ചെയ്യുന്ന തരത്തിലാണ് പണികൾ നടക്കുന്നത്. 2013 ലാണ് പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ 8 കോടി 40 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ ഭാഗമായി കീഴൂർ, വടയാർ, തലയോലപ്പറമ്പ് സെൻട്രൽ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചായിരുന്നു നിർമ്മാണം ആരംഭിച്ചത്.
എന്നാൽ സെൻട്രൽ സോണിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലേക്ക് ജലസേചനവകുപ്പ് 1 കോടി 97 ലക്ഷം രൂപ അടയ്ക്കണമെന്ന നിർദ്ദേശം വന്നതോടെ സെൻട്രൽ സോണിലെ നിർമ്മാണം മുടങ്ങിക്കിടക്കുകയായിരുന്നു. പിന്നിട് കഴിഞ്ഞ വർഷം 30 ലക്ഷം രൂപ അടച്ചതിനെ തുടർന്ന് തലപ്പാറ പള്ളിക്കവല, പള്ളിക്കവല മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ മൂന്ന് മാസം മുൻപ് പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. മറ്റ് രണ്ട് സോണുകൾ ഒരു വർഷം മുൻപ് കമ്മിഷൻ ചെയ്‌തെങ്കിലും സെൻട്രൽ സോണിലെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാകാത്തതിനാൽ പഞ്ചായത്തിലെ കിഴക്കുപടിഞ്ഞാറ് മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. കഴിഞ്ഞമാസം പൊതുമരാമത്ത് വകുപ്പിലേക്ക് ജലസേചനവകുപ്പ് അടയ്ക്കുവാനുള്ള മുഴുവൻ തുകയും അടച്ചതോടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതും നിർമ്മാണം വേഗത്തിലായതും .
കാർത്ത്യായനീ ദേവി ക്ഷേത്രം റോഡ്, സിലോൺ കവല, ചിരട്ടക്കടവ് എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ വേഗത്തിൽ നടന്ന് വരികയാണ്. ഈ മാസം 30 ന് അകം പൂർത്തീകരിച്ച് 31ന് കുടിവെള്ളം പമ്പിംഗ് നടത്തും
(അനിൽ, എ.എക്‌സ്.ഇ വാട്ടർഅതോറിറ്റി, പിറവം പ്രോജക്ട്)