ചങ്ങനാശേരി : നഗരത്തിന്റെ വിനോദമുഖമായിരുന്നു ഒരു കാലത്ത് മുനിസിപ്പൽ പാർക്ക്. ഒഴിവുനേരങ്ങളെ ഉല്ലാസമാക്കുന്ന ഇടം. കലാസ്വാദകരുടെ ഒത്തുചേരൽ കേന്ദ്രം. എന്നാൽ ഇന്നോ നഗരത്തിന് നാണക്കേടാകുകയാണ് ഈ പാർക്ക്. അധികൃതരുടെ അവഗണനയിൽ കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണിവിടം. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളം. കുട്ടികൾക്കായി നിർമ്മിച്ച വിനോദ ഉപകരണങ്ങൾ പലതും നശിച്ചു. മാലിന്യം കുന്നുകൂടി കിടക്കുന്നു. നഗരസഭയുടെ കണക്ക് പുസ്തകത്തിലാണ് പാർക്കിന്റെ സ്ഥാനം. അനുവദിച്ച ഫണ്ട് എവിടെപ്പോയെന്നറിയില്ല. പാർക്കിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ആരും മൂക്കത്ത് വിരൽവയ്ക്കും.
തണൽ മരങ്ങളും സമീപത്തായുള്ള പൂവക്കാട്ടുചിറ കുളവുമാണ് ആളുകളെ പാർക്കിലേക്ക് ആകർഷിച്ചിരുന്നത്. കൃത്യമായ മേൽനോട്ടവും അറ്റകുറ്റപ്പണികളും ചെയ്യാത്തതാണ് പാർക്ക് നശിക്കാൻ കാരണം. കാറ്റിലും മഴയിലും തണൽമരങ്ങൾ കടപുഴകി വീണു. സംരക്ഷണ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചു. പാർക്കിനുള്ളിലെ കെട്ടിടത്തിനും ബലക്ഷയമാണ്. പഴയ മനോഹാരിത നഷ്ടപ്പെട്ടതോടെ പാർക്കിൽ എത്തുന്ന സന്ദർശകരും കുറവായി.
തുരുമ്പെടുത്ത കളിക്കോപ്പുകൾ
കുട്ടികൾക്കായി സ്ഥാപിച്ച കളിക്കോപ്പുകളിൽ ഭൂരിഭാഗവും തുരുമ്പെടുത്ത നശിച്ചു. പല റൈഡുകളും കാട് കയറിയ നിലയിലാണ്. ഊഞ്ഞാൽ വിരലിലെണ്ണാവുന്നതേയുള്ളൂ. ട്രെയിൻ ട്രാക്കുകൾ പുല്ല് കയറിയതിനാൽ പ്രവർത്തിക്കുന്നില്ല.
ഇരിപ്പിടങ്ങൾ 'വിശ്രമത്തിൽ"
സന്ദർശകർക്കുള്ള വിശ്രമ ഇരിപ്പിടങ്ങൾ പലതും ഇന്ന് അപ്രത്യക്ഷമാണ്. ഉള്ളവയാകട്ടെ തുരുമ്പെടുത്തതും. പ്രകൃതിസൗഹാർദ്ദപരമായ തെങ്ങുകൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങൾ ചിതലരിച്ചു. നടപ്പാതകളിലെ തറയോടുകളും ഇളകിമാറിയ നിലയിലാണ്.
അടച്ചുറപ്പില്ലാത്ത ശൗചാലയം
സുരക്ഷിതമായ വാതിലുകളില്ലാത്തതിനാൽ ശൗചാലയങ്ങൾ ഉപയോഗശൂന്യമാണ്. ടാപ്പുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.
മദ്യക്കുപ്പികളാൽ സമ്പന്നം
ഹരിതാഭമായിരുന്ന പാർക്ക് ഇന്ന് മദ്യക്കുപ്പികളാൽ സമ്പന്നമാണ്. തണൽമരങ്ങളിൽ പലതും വേരൊടെ പിഴുതു വീണും മറ്റ് മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടതിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്തിട്ടില്ല. ലൈറ്റുകളിൽ പലതും സാമൂഹ്യവിരുദ്ധർ തകർത്ത നിലയിലാണ്.