neenthal

പാലാ : ഇരുളടഞ്ഞ മനസിന്റെ ഇടനാഴിയിൽ എവിടെയോ ഉദയം ചെയ്ത ആഗ്രഹം. നീന്തൽക്കുളത്തിൽ പൊരുതി നേടിയ സ്വർണത്തിളക്കവുമായി സാഫല്യത്തിലെത്തുമ്പോൾ വിശാന്ത് കെ.രവീന്ദ്രൻ എന്ന 18 കാരൻ നന്ദി പറയുന്നത് അന്തീനാട് ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂളിലെ കായികാദ്ധ്യാപിക സിസ്റ്റർ ജീസയോടാണ്. അബുദാബിയിൽ നടന്ന ലോക സ്‌പെഷ്യൽ ഒളിമ്പിക്‌സിന്റെ നീന്തൽ മത്സരത്തിൽ 100 മീറ്റർ ഫ്രീസ്റ്റൈലിലാണ് 16 രാജ്യങ്ങളെ പിന്തള്ളി വിശാന്ത്, ഭാരതത്തിന് സ്വർണം നേടിക്കൊടുത്തത്.

മത്സരം കഴിഞ്ഞ് ഇന്നലെ നാട്ടിൽ തിരിച്ചെത്തിയ സ്വർണകുമാരൻ ആദ്യം ഓടിയെത്തിയത് ജീസമ്മയുടെ അടുത്തേക്കാണ്. സ്വർണമെഡലും ഫലകവും ആ കാൽക്കൽ സമർപ്പിച്ച് അനുഗ്രഹം തേടുമ്പോൾ വിശാന്തിന്റെ കണ്ണിൽ നിന്നു ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. 'ജിസമ്മയും, തോപ്പൻ സിലെ ജോയി സാറും ഉശിരായിട്ട് നീന്തണമെന്ന് പറഞ്ഞു, മറ്റൊന്നും നോക്കിയില്ല, ഞാൻ ആഞ്ഞു നീന്തി ' രാജ്യത്തിന് താൻ നീന്തലിന്റെ സുവർണ മുദ്ര സമ്മാനിച്ചതിനെക്കുറിച്ചുള്ള തിരിച്ചറിവില്ലെങ്കിലും വിശാന്ത് വാക്കുകൾ കൊണ്ട് ആവേശത്തിന്റെ തുഴയെറിഞ്ഞു.

ഭാരതത്തെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നു സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ പങ്കെടുത്ത് സ്വർണ മെഡൽ നേടിയ ഏക വിദ്യാർത്ഥിയാണ് വിശാന്ത്. അബുദാബിയിൽ എത്തിയപ്പോൾ പിടിപെട്ട കടുത്ത പനിയ്ക്കിടയിലായിരുന്നു വിശാന്തിന്റെ ഈ നേട്ടം. 50 മീറ്ററിലും ' 4X 50 റിലേയിലുമായിരുന്നു മത്സരം.

ളാലം തോട്ടിലെ അന്ത്യാളം ചെക്ക്ഡാമിൽ സിസ്റ്റർ ജീസയാണ് വിശാന്തിന് നീന്തലിന്റെ ബാലപാഠങ്ങൾ പകർന്നു കൊടുത്തത്. മനസിന്റെ വൈകല്യങ്ങളെ കൈവല്യങ്ങളാക്കി തോട്ടിലെ ഓളപ്പരപ്പിൽ വിശാന്ത് നീന്തിത്തുടിച്ചു. തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയിലെ കോച്ച് ജോയി ജോസഫിന്റെ വിദഗ്ദ്ധ പരിശീലനവും മുതൽക്കൂട്ടായി. കഴിഞ്ഞ 27 വർഷമായി അന്തീനാട്ടിൽ പ്രവർത്തിക്കുന്ന ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂളിൽ നിന്നു ഇതിനോടകം നിരവധി ദേശീയ കായിക താരങ്ങൾ ഉദയം ചെയ്തിട്ടുണ്ട്. ഇത്തവണ സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ ഭാരതത്തിന്റെ വോളിബാൾ ടീമിലുണ്ടായിരുന്ന മഞ്ചു മാത്യുവും ഇവിടുത്തെ വിദ്യാർത്ഥിനിയാണ്. പ്രിൻസിപ്പൽ സിസ്റ്റർ റീനാ സിറിയക്, സിസ്റ്റർ ജീസാ, സിസ്റ്റർ ഗ്ലോറി , സിസ്റ്റർ അൽഫോൻസാ എന്നിവർ എല്ലാവിധ പ്രോത്സാഹനവും നൽകുന്നു. പിണ്ണാക്കനാട് കാക്കകാട്ട് രവീന്ദ്രൻ - ബിന്ദു ദമ്പതികളുടെ ഇളയ മകനാണ് വിശാന്ത്. വിഷ്ണു, വിശാഖ്, വിശാൽ എന്നിവരാണ് സഹോദരങ്ങൾ. വിശാന്തിനെ അഭിനന്ദിക്കാൻ, മുൻ ദേശീയ നീന്തൽ താരവും, കോച്ചും പ്രധാനമന്ത്രിമാരുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായിരുന്ന കെ. അലോഷ്യസ് ഉൾപ്പെടെ നിരവധി പേർ ശാന്തിനിലയം സ്‌കൂളിലെത്തിയിരുന്നു.