തലയോലപ്പറമ്പ് : താഴപ്പള്ളി പാലത്തിന് സമീപം ഇറിഗേഷൻ വകുപ്പിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ രൂപപ്പെടാൻ കാരണമെന്ന് ആക്ഷേപം. പാലത്തിന് സമീപം അപ്രോച്ച് റോഡിന്റെ പില്ലർ പോകുന്ന സ്ഥലത്തെ കോൺക്രീറ്റ്, മണ്ണ്, ചെളി എന്നിവ ആഴത്തിൽ നീക്കം ചെയ്തതും ഷീറ്റ് പയലിംഗ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനം നടത്തിയതുമാണ് അപ്രോച്ചിൽ വിള്ളൽ വീഴാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. പാലത്തിന്റെ വശങ്ങളിൽ കൂടി കടന്ന് പോകുന്ന ജലസേചനവകുപ്പിന്റെ കൂറ്റൻ പൈപ്പ് ലൈനിൽ നിന്നും മാസങ്ങളായി ശക്തിയായി ചീറ്റുന്ന വെള്ളം അപ്രോച്ച് റോഡിൽ കുത്തി ഒലിച്ചതിനെ തുടർന്ന് പാലത്തിന്റെ താഴെ മണ്ണ് ഇളകിയതും പാലത്തിന്റെ അപ്രോച്ചിന് നാളുകളായി ഭീഷണിയാണ്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉന്നത ഉദ്യാഗസ്ഥർ എത്തി പരിശോധന നടത്തണമെന്നും സമീപത്തെ റോഡിനും പാലത്തിനും സുരക്ഷാ സംവിധാനം ഒരുക്കാതെയുള്ള ഷട്ടർ നിർമ്മാണം ഇറിഗേഷൻ വകുപ്പ് അധികൃതർ എത്തി പരിശോധിച്ച് വേഗത്തിൽ പൂർത്തീകരിക്കണമെന്നും ആവശ്യം ശക്തമാണ്.