prethikshedaham

വെച്ചൂർ: അപ്പർകുട്ടനാടിന്റെ നെല്ലറയായ വെച്ചൂർ പഞ്ചായത്തിലെ ആറാം വാർഡിൽ അച്ചിനകം പാടശേഖരം മണ്ണിട്ട് നികത്താൻ സ്വകാര്യ വ്യക്തി നടത്തിയ നീക്കം നാട്ടുകാർ തടഞ്ഞു. റോഡിന്റെ വശങ്ങളിലെ ഏക്കറുകണക്കിന് നെൽവയലുകൾ ഭൂമാഫിയ ക്രമേണ നികത്തുന്നതിനായി വിലയ്ക്ക് വാങ്ങി ഇട്ടിരിക്കുകയാണ്. ഇപ്പോൾ വയൽ നികത്തുന്നത് തടഞ്ഞില്ലെങ്കിൽ വരും നാളുകളിൽ പാടശേഖരം പൂർണ്ണമായി നികത്തപ്പെടുമെന്നും നെൽവയൽ തണ്ണീർത്തട നിയമത്തെ അട്ടിമറിച്ചുള്ള നിലം നികത്തൽ റവന്യൂ - കൃഷി വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണെന്നും കേരള സംസ്ഥാന കർഷക സംഘടന ആരോപിച്ചു. പ്രളയാനന്തരം ഏക്കറിൽ 30 ക്വിന്റൽ നെല്ല് വരെ ഈ പാടശേഖരത്തിൽ നിന്നും ലഭിച്ചിരുന്നു. ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വില്ലേജ് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കമ്മറ്റുി അംഗം സി.എസ്.രാജു പറഞ്ഞു. ജോസഫ് പരിയാരത്തുകുളം, പീതാംബരൻ, സുഗതപ്പൻ, സാബു തോട്ടുചിറ, ശശി കളത്തിപ്പറമ്പ് തുടങ്ങിയവർ കൊടി കുത്ത് സമരത്തിന് നേതൃത്വം നൽകി.