കോട്ടയം: ചുട്ടുപ്പൊള്ളുന്ന വേനൽച്ചൂടിൽ നിന്ന് ആശ്വാസം നേടാൻ ആളുകൾ പഴങ്ങൾ ധാരാളം വാങ്ങാൻ തുടങ്ങിയതോടെ പഴം വിപണിയിൽ തിരക്കേറുന്നു. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും അതിനനുസരിച്ച് വിലകൂടാത്തത് ആളുകൾക്ക് ആശ്വാസമാണ്. മുൻ വർഷത്തെക്കാൾ വിപണിയിൽ ആവശ്യക്കാരുടെ തിരക്കു കൂടിക്കൊണ്ടിരിക്കുകയാണ്.

വെയിലേറ്റ് ക്ഷീണിച്ചെത്തുന്നവർ വിവിധ പഴവർഗങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകുന്നതാണ് ഇപ്പോൾ പതിവ്. തണ്ണിത്തന് പുറമേ ആപ്പിളിനും ഓറഞ്ചിനും മുന്തിരിക്കും ചെറുപഴങ്ങൾക്കുമൊക്കെ ഡിമാൻഡാണ്. വെയിലിനെ വെല്ലാൻ പഴവും ഫ്രൂട് സലാഡുമൊക്കെ കഴിക്കുന്നവരുടെ എണ്ണം കൂടിയത് കച്ചവടക്കാർക്ക് ഗുണമായി. വിപണിയിൽ വിലക്കയറ്റമില്ലാത്തത് ഗുണമായി. തണ്ണിമത്തന് പുറമേ ഓറഞ്ചിന്റെയും സീസണാണ് ഇപ്പോൾ. അടുത്ത ആഴ്ച മുതൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മാമ്പഴം കൂടിയെത്തുന്നതോടെ വീണ്ടും തിരക്ക് കൂടും. വിലയുടെ കാര്യത്തിൽ ആപ്പിളാണ് മുന്നിൽ.

കാശ്മീർ, ഹിമാചൽ ആപ്പിളുകളുടെ സീസൺ കഴിഞ്ഞതോടെ വിദേശ ആപ്പിളുകൾക്കാണ് ആധിപത്യം. ന്യൂസീലൻഡിൽ നിന്നെത്തുന്ന റോയൽ ഗാലയാണു കൂട്ടത്തിൽ മുന്നിൽ. യു.എസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകളും വിപണിയിലുണ്ട്. അമരാവതിയിൽ നിന്നും രാജസ്ഥാനിൽ നിന്നും എത്തുന്ന ഓറഞ്ചും വിപണിയിൽ സുലഭം. സീസൺ അവസാനമാണെങ്കിലും മധുരത്തിനു കുറവില്ല. മഹാരാഷ്ട്രയിൽ നിന്നെത്തുന്ന കുരുവില്ലാത്ത കറുത്ത മുന്തിരി, കുരുവില്ലാത്ത പച്ചമുന്തിരി എന്നിവയ്ക്കാണു കൂടുതൽ ആവശ്യക്കാർ. ജ്യൂസ് മുന്തിരി, കമ്പം, തേനി ഭാഗത്തുനിന്നു വരുന്ന റോസ് മുന്തിരി എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. നാടൻ മാമ്പഴവും വിപണിയിൽ എത്തിത്തുടങ്ങി. മൂവാണ്ടൻ, പ്രീയൂർ, എന്നിവയ്ക്കാണ് ആവശ്യക്കാരേറെ.

 ജ്യൂസ് കടകളിലും തിരക്ക്

ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞപ്പോൾ ശീതളപാനീയക്കടകളിൽ തിരക്കു കൂടി. എന്നാൽ വൻ വില വാങ്ങുന്നതിനാൽ സ്വന്തമായി ജ്യൂസ് അടിച്ച് കുടിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.