വൈക്കം : ഉദയനാപുരം പഞ്ചായത്ത് മൃഗാശുപത്രിയിൽ നിന്നും വിതരണം ചെയ്ത മുട്ടക്കോഴിക്കുഞ്ഞുങ്ങളിൽ അധികവും കൂട്ടത്തോടെ ചത്തതായി ആക്ഷേപം. ഈ മാസം ആദ്യമാണ് ഉദയനാപുരം മൃഗാശുപത്രിയിൽ നിന്നും കുടുംബങ്ങൾക്ക് പത്ത് വീതം മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും താറാവിൽ കുഞ്ഞുങ്ങളേയും വിതരണം ചെയ്തത്. ജനറൽ വിഭാഗം ഇതിനായി 500 രൂപയും പട്ടികജാതി പട്ടികവർഗ്ഗം കുടുംബങ്ങൾ 250 രൂപ വീതവും അടച്ചാണ് ഇവയെ വാങ്ങിയത്. മൂന്ന് ഘട്ടങ്ങളായാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കോഴിക്കുഞ്ഞുങ്ങൾ ലഭിച്ച ഉടൻ തന്നെചത്തു തുടങ്ങി.കൂടാതെ വീടുകളിൽ വളർത്തിയിരുന്ന നാടൻ കോഴികളും രോഗം ബാധിച്ചതിനെ തുടർന്ന് ചത്തു. അതേ സമയം കുടുംബങ്ങൾക്ക് ലഭിച്ച താറാവ് കുഞ്ഞുങ്ങൾക്ക് രോഗബാധ ഉണ്ടായിട്ടില്ല. ഉദയനാപുരം പഞ്ചായത്തിൽ മുട്ട ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത കോഴിക്കുഞ്ഞുങ്ങൾ ചത്തത് പദ്ധതിക്ക് തിരിച്ചടിയായി.കോഴിക്കുഞ്ഞുങ്ങൾ ചത്തതിന് പകരമായി കോഴിക്കുഞ്ഞുങ്ങളെ കുടുംബങ്ങൾക്ക് നൽകണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.