ഏറ്റുമാനൂർ : വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം അനുദിനം രൂക്ഷമാകുമ്പോൾ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന കുളത്തിലെ ഉള്ള വെള്ളം പോലും ഉപയോഗിക്കാനാവാതെ പട്ടിത്താനം രാജീവ് ഗാന്ധി കോളനിയിലെ നിവാസികൾ വലയുകയാണ്.
ഇലകൾ വീഴുകയും ഒപ്പം ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ കുളത്തിലെ പായലും മറ്റും ചീഞ്ഞ് തുടങ്ങിയതാണ് കുളം മലിനമാകുന്നതിന് കാരണം. വീടുകളിൽ കിണറില്ലാത്ത കോളനി നിവാസികളാണ് ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത്. അമ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനൊഴികെ മറ്റ് ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് ഈ കുളത്തെയാണ്. മറ്റ് ജലസ്രോതസ്സുകളൊന്നും ഇവിടെ ഇല്ലാത്തതിനാൽ മലിനമായിട്ടും ഈ കുളത്തെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. മലിനമായ ഈ വെള്ളം ഉപയോഗിക്കുന്നതുമൂലം അസ്വസ്തതകൾ ഉണ്ടാകുന്നതായും ഇവർ പറയുന്നു.
വാട്ടർ അതോറിട്ടിയുടെ വെള്ളം കോളനിയുടെ സമീപപ്രദേശങ്ങളിൽ എത്താറുണ്ടെങ്കിലും ഇവിടേക്ക് എത്താറില്ല. ഇതോടെ കിണർ ഉള്ള വീടുകളിൽ നിന്നും ദിവസേന കിട്ടുന്ന രണ്ട് കുടം കുടിവെള്ളം മാത്രമാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം. പ്രദേശവാസികൾ എല്ലാവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ സ്വകാര്യ വ്യക്തികളിൽ നിന്നും ആഴ്ച്ചതോറും 800 രൂപ മുടക്കി കുടിവെള്ളം വാങ്ങുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യവുമാണ്.