kandaattumaavu-road

കുറുപ്പന്തറ : വഴിമുടക്കിയായി റെയിൽവേഗേറ്റ് ഇങ്ങനെ കിടക്കുമ്പോൾ വാഹന യാത്രക്കാരുടെ ആശ്രയം കണ്ടാറ്റുകാവ് റോഡാണ്. എന്നാൽ വാഹനം കൂടുതലായി ഓടിത്തുടങ്ങിയതോടെ റോഡും തരിപ്പണമായി. ചിലയിടത്ത് കുണ്ടുംകുഴിയും, മറ്റൊരിടത്ത് പാതാളക്കിടങ്ങുകൾ. ഇരുചക്രവാഹനങ്ങൾ സൂക്ഷിച്ച് ഓടിച്ചില്ലേൽ എപ്പം പണികിട്ടിയെന്ന് ചോദിച്ചാൽ മതി. ദിനംപ്രതി നൂറുകണക്കിന് ചെറുവാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റെയിൽവേഗേറ്റ് കടക്കാതെ കുറുപ്പന്തറ ചന്തയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗമാണിത്. മാഞ്ഞൂർ റെയിൽവേ മേൽപ്പാലം കൂടി പൊളിച്ചിട്ടതോടെ കുറുപ്പന്തറ വഴിയാണ് ഭൂരിഭാഗം പേരുടെയും സഞ്ചാരം. ഇതിനിടയിലാണ് വില്ലനായി ഗേറ്റ വരുന്നത്. 5 മിനിറ്റ് കൂടുമ്പോൾ ഗേറ്റിന് പൂട്ടുവീഴും. ട്രെയിൻ കടന്നു പോയാലും പിന്നെയും കാത്തിരിക്കണം തുറക്കാനായി. മനംമടുത്ത് പലരും കണ്ടാറ്റുകാവ് റോഡാണ് ആശ്രയിക്കുന്നത്. മെറ്റലുകൾ ചിതറിത്തെറിച്ച് കിടക്കുന്നത് രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ മറിയുന്നതിന് ഇടയാക്കുന്നുണ്ട്. വീതി കുറഞ്ഞ റോഡായതിനാൽ രണ്ടുവാഹനങ്ങൾക്ക് ഒരുമിച്ച് കടന്നു പോകാനാകില്ല. റോഡ് തകർച്ചയും കൂടിയായതോടെ ദുരിതം ഇരട്ടിയായി. വാഹനം ഒതുക്കാൻ പോലും സ്ഥലമില്ല.

വാഹനത്തിരക്ക് കണക്കിലെടുത്ത് അടിയന്തിരമായി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആര് കേൾക്കാൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയപാർട്ടി നേതാക്കൾ വാഗ്ദാനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. എങ്ങനെയായാലും റോഡൊന്ന് നന്നായി കണ്ടാൽ മതിയെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. കണ്ടാറ്റുകാവ് ദേവീക്ഷേത്രവും റോഡിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. രാവിലെയും വൈകിട്ടും അമ്പലത്തിലേക്ക് ഭക്തർ കൂടുതലായി എത്തുന്നത് വാഹനങ്ങളിലാണ്. വളവുള്ള ഭാഗങ്ങളിലാണ് റോഡ് കൂടുതലായി തകർന്നിരിക്കുന്നത്. ഇത് അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്.

ചെറുവാഹനങ്ങളുടെ ആശ്രയമാണീ റോഡ്

ടാർ പൂർണമായും ഇളകിയ നിലയിൽ

തകർച്ച ഒരുകിലോമീറ്ററിൽ താഴെ മാത്രം