കുറവിലങ്ങാട് : കൊടുംചൂടിനെ അവഗണിച്ച് വരൾച്ചയിൽ നിന്നും നാടിനെ രക്ഷിക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്ത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ അഞ്ച്, ആറ് വാർഡുകളിലെ കുടിവെള്ള സ്രോതസായ നയഗ്രാ പദ്ധതിയുടെ സമീപത്തുള്ള കുളത്തിൽ തടയണ നിർമ്മിച്ചു.
കനത്ത വെയിലിൽ വാടാതെ അഞ്ചാം വാർഡിലെ മുപ്പത്തിയഞ്ചു തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങിയത്. മണൽച്ചാക്കു നിറച്ചു കെട്ടിയുണ്ടാക്കിയാണ് തടയണ നിർമ്മിച്ചിരിക്കുന്നത്. സമീപത്തെ കനാൽ തുറക്കുമ്പോൾ ഈ തടയണയിൽ വെള്ളമെത്തും. ഇതു സമീപ പ്രദേശത്തെ കുളങ്ങൾക്കും കിണറുകൾക്കും,കൃഷിസ്ഥലത്തിനും ഏറെ പ്രയോജനകരമാകും.
ഏകദ്ദേശം 360 കുടുംബങ്ങൾക്കു നേരിട്ട് പ്രയോജനവും ആശ്വാസവും ലഭിക്കും. വേനലേറി വരുമ്പോൾ ജലക്ഷാമം കുറയ്ക്കാൻ ഇത് സഹായകരവുമാകും. ജലക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നതിനാൽ കടുത്ത ചൂടിനെ അവഗണിച്ച് സ്വയം സന്നദ്ധരായി ഇവർ സേവനത്തിന് ഇറങ്ങുകയായിരുന്നു.