പാലാ : വേനൽ കടുത്തതോടെ പച്ചക്കറിവില ക്രമാതീതമായി ഉയരുകയാണ്. കിഴങ്ങ് കിലോയ്ക്ക് 27 രൂപ വിലയുണ്ടായിരുന്നത് 40 മുകളിലെത്തി. ബീൻസിനു 95 മുതൽ 105 രൂപവരെയാണ് വില. പയറിന് 65രൂപയും വെണ്ടയ്ക്ക, കത്രിക്ക, വഴുതന, മുളക്, കിഴങ്ങ്, വെള്ളരി തുടങ്ങി നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികൾക്കും 40 നും 50നും മേലെയാണ് വില. പച്ചക്കറി വിലവർദ്ധനവ് കുടുംബ ബഡ്ജറ്റുകളുടെയും താളം തെറ്റിച്ചിട്ടുണ്ട്. പാലാ നഗരസഭയും വിവിധ സംഘടനകളും പ്രോത്സാഹിപ്പിച്ച് വികസിപ്പിച്ച പച്ചക്കറി അടുക്കളതോട്ടങ്ങൾ സജ്ജീവമായിരുന്നു. അത്യാവശ്യ പച്ചക്കറികൾ വീട്ടുവളപ്പിൽ തന്നെ ഉത്പാദിച്ചിരുന്നവരും ധാരാളമായിരുന്നു. വേനൽ കനത്തതോടെ പച്ചക്കറി ചെടികൾ കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. ഇതാണ് കൂടുതൽ ആളുകളെ കടകളിലേക്ക് എത്തിച്ചത്. എന്നാൽ വിലവർദ്ധിച്ചതോടെ പലർക്കും പച്ചക്കറി കിട്ടാക്കനിയാവുകയാണ്.
കൃത്രിമവിലക്കയറ്റമല്ല വിപണിയിലുണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ചുടും വെള്ളപ്പൊക്കവും കനത്തമഴക്കാലവും പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൊത്തവിപണികളായ കമ്പം, തോനി, മധുര, ബോഡിനായ്ക്കനൂർ, പാലക്കാട് എന്നിവിടങ്ങിലെ തമിഴ്‌കേരളാ കർഷകരിൽ നിന്ന് ഉയർന്ന വിലക്കാണ് പച്ചക്കറികൾ വാങ്ങുന്നത്. ഒരുമാസം മുമ്പത്തേക്കാൾ ഇരട്ടി വിലക്കാണ് പുതിയ ലോഡുകൾ എത്തിയിരിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. അതേസമയം ഇടനിലക്കാരാണ് വിലവർദ്ധനവിന് പിന്നിലെന്ന് ആക്ഷേപവും ശക്തമാണ്.
കടുത്ത വേനൽ ചൂടിൽ പണിയെടുക്കാൻ ആകാതെ സാധാരണക്കാരൻ വലയുമ്പോൾ പച്ചക്കറിയുടെ വില വർദ്ധന ജീവിതം ദുസഹമാക്കുന്നു. മത്സ്യ മാംസ വിപണിയിലും വിലക്കയറ്റം തുടരുകയാണ്. യാതൊരു മാനദണ്ഡവുമില്ലാത്ത വർദ്ധനവിനെതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. വിലവർദ്ധനവിൽ താങ്ങാകേണ്ട സർക്കാരും സിവിൽ സപ്ലൈ ഉദ്യോഗസ്ഥരും പുലർത്തുന്ന നിസംഗതയാണ് വില വർദ്ധനവിലേക്ക് നയിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇലക്ഷൻ ജോലികളിലേക്ക് ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും ശ്രദ്ധതിരിഞ്ഞത് മുതലാക്കിയാണ് ഇടനിലക്കാരും വ്യാപാരികളും വില ക്രമതീതമായി ഉയർത്തുന്നതെന്ന ആരോപണം ശക്തമാണ്.