വൈക്കം: വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ പ്രവർത്തിക്കുന്ന വടക്കുംകൂർ സ്മാരക ലൈബ്രറിയുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയിൽ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. ലൈബ്രറിയിലെ വായനമുറിയിൽ പതിനായിരക്കണക്കിനു പുസ്തകങ്ങളും പത്തിലധികം ദിനപത്രങ്ങളും 80 ഓളം ആനുകാലിക പ്രസിദ്ധീകരണങ്ങളുമുണ്ട്. 2000 ചതുരശ്ര അടിയോളം വരുന്ന ലൈബറിയിൽ ജനറേറ്റർ അനുവദിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. സ്ത്രീകളടക്കം നിരവധി പേർ ലൈബ്രറിയിൽ എത്തുന്നുണ്ടെങ്കിലും ഇവിടെ ടൊയ്ലറ്റ് സംവിധാനമില്ല. പുരാരേഖ വകുപ്പ് സത്യഗ്രഹ സ്മാരകത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ഇവിടെ ഉണ്ടായിരുന്ന ടൊയ്ലറ്റു പൊളിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ടൊയ്ലറ്റുകൾ പുനർനിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. വടക്കുംകൂർ സ്മാരക ലൈബ്രറിയുടെ ദൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനു നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
.