drink

കല്ലറ : ചുട്ടുപൊള്ളുന്ന ചൂടിൽ മാത്രമല്ല ഇടിച്ചുകുത്തി പെയ്യുന്ന മഴയിലും കല്ലറ-നീണ്ടൂർ റോഡിൽ പുഞ്ചവയൽക്കാറ്റിന് സമീപം രാഹുലുണ്ടാകും മൺകൂജയിൽ ദാഹജലവുമായി. ആർക്കും യഥേഷ്ടം എടുത്തു കുടിക്കാം സൗജന്യമായി. ഒരു കൂജയിലെ വെള്ളം തീർന്നാൽ അടുത്തത് റെഡി. 5 ഓളം കൂജകളാണ് ഇതിനായി തയ്യാറാക്കി വച്ചിരിക്കുന്നത്. ഇതിനിടയിൽ ആർക്കേലും ഭാഗ്യംപരീക്ഷിക്കണമെന്ന് തോന്നിയാൽ രാഹുലിന്റെ ഇടതു കൈയിൽ ഭാഗ്യദേവതയുമുണ്ട്. എന്താണ് ഇങ്ങനയൊരു നന്മ ചെയ്യാൻ തോന്നിയതെന്ന് ചോദിച്ചതിന് രാഹുൽ നിറകണ്ണുകളോടെ മറുപടി നൽകി ''ആഹാരം മോഷ്ടിച്ചെന്ന പേരിൽ അട്ടപ്പാടിയിൽ മധു ചേട്ടനെ അവർ തല്ലിക്കൊന്നില്ലേ, ഇനിയൊരു മധുവുണ്ടാകരുത് "". രണ്ടുമാസം മുൻപ് വരെ 25 പേർക്ക് പ്രഭാതഭക്ഷണവുമുണ്ടായിരുന്നു. സാമ്പത്തികപരാധീനതകൾ വലിഞ്ഞുമുറുക്കിയതോടെ അത് നിറുത്തി. വെള്ളത്തിനാണേൽ പണം മുടക്കണ്ടല്ലോ. വീട്ടിലെ കിണറ്റിൽ നിന്നുമുള്ള ശുദ്ധമായ ജലം മൺകൂജയിൽ നിറച്ചു വയ്ക്കും. രാവിലെ 9 ആകുമ്പോൾ വഴിയരികിലേക്ക് എത്തും. പുഞ്ചവയൽക്കാറ്റിലെ ഇളംകാറ്റേറ്റ് സമയം ചെലവഴിക്കാനെത്തുന്നവർ ഇവിടുന്ന് വെള്ളം കുടിച്ചേ മടങ്ങൂ. ചൂട് കൂടിയതോടെ ഇപ്പോൾ ആവശ്യക്കാരേറെയാണ്. അതിനാൽ കഴിഞ്ഞയാഴ്ച ഒരു കൂജ കൂടി വാങ്ങി. ചൂടേറ്റ് വാടിത്തളർന്ന് വരുന്നവർക്ക് മൺകൂജയിലെ ഇളംതണുത്ത വെള്ളം പകരുന്ന ആശ്വാസം ചെറുതല്ല. പ്രായമായ അമ്മയും രാഹുലും മാത്രമാണ് വീട്ടിലുള്ളത്. സാമ്പത്തികമായി തകർച്ചയിലാണെങ്കിലും അന്യന്റെ ദാഹമകറ്റാൻ കഴിയുന്നത് വലിയൊരു പുണ്യപ്രവൃത്തിയാണെന്നാണ് രാഹുൽ പറയുന്നത്. ഒപ്പം എന്നെങ്കിലും ഈശ്വരൻ കടാക്ഷിക്കുമെന്ന പ്രതീക്ഷയും.