ചങ്ങനാശേരി: കണിച്ചുകുളം മടത്തിനാച്ചിറ റോഡിലൂടെയുള്ള യാത്രാദുരിതം എന്ന് അവസാനിക്കും? നാട്ടുകാരുടെ ഏറെ നാളുകളായുള്ള ചോദ്യമാണിത്. മാടപ്പള്ളി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. മൂന്ന് വർഷങ്ങൾക്കുമുൻപ് ടാറിംഗ് നടത്തിയതിനുശേഷം യാതൊരുവിധ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. നിലവിൽ ടാറിംഗ് പൂർണമായും തകർന്നിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ കാൽനടയാത്ര പോലും ഇവിടെ ദുഷ്കരമായിരിക്കുകയാണ്. റോഡ് നന്നാക്കുന്നതിനു അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുചക്രവാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ അപകടത്തിൽപ്പെടുന്നതു പതിവുകാഴ്ച്ചയാണ്. പ്രായമായവരും കുട്ടികളും അടക്കം നിരവധിപേർ താമസിക്കുന്ന ഇടമാണിത്. റോഡ് മോശമായതിനാൽ ഓട്ടോറിക്ഷ വിളിച്ചാൽ വരാൻ വിമുഖത കാണിക്കുന്നതായി നാട്ടുകാർ പറയുന്നു. അത്യാവശ്യസന്ദർഭങ്ങളിൽ മടത്തിനാച്ചിറ നിവാസികൾ ഇരട്ടി തുക കൊടുത്ത് പാലയ്ക്കൽപടി ചുറ്റിതിരിഞ്ഞ് വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. റോഡ് പുനർനിർമ്മാണത്തിനായി ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതാണ് റോഡുകളുടെ ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം. റോഡിലെ കുഴികൾ അടച്ച് റീടാർ ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു.